പ്രതിഷേധത്തിന്റെ മറവിൽ കേരളമാകെ അക്രമമ‍ഴിച്ച് വിട്ട് കോണ്‍ഗ്രസ്

വയനാട്‌ എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക്‌ നടന്ന പ്രതിഷേധത്തിനിടെ നടന്ന സംഭവങ്ങളുടെ മറവിൽ കേരളമാകെ അക്രമം അ‍ഴിച്ച് വിട്ട് പ്രതിപക്ഷം. കോൺഗ്രസ്‌, യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ വിവിധ ജില്ലകളിൽ സിപിഐ എമ്മിനെതിരെ വ്യാപക അക്രമമാണ്‌ അഴിച്ചുവിട്ടത്‌. പാർട്ടിയും സർക്കാരും സംഭവത്തെ അപലപിച്ചിട്ടും അക്രമത്തിനുള്ള മാർഗമായാണ്‌ പ്രതിപക്ഷം സംഭവത്തെ കണ്ടത്‌.

മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാക്കളും സംഭവത്തെ അപലപിച്ച ശേഷമാണ്‌ തലസ്ഥാന നഗരിയിലും മറ്റ്‌ ജില്ലകളിലും പ്രതിപക്ഷ നേതാക്കൾ തെരുവിലിറങ്ങി മുറവിളി നടത്തിയത്‌. തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിന്‌ മുന്നിലേക്ക്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ച മാർച്ച്‌ പൊടുന്നനെ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിലേക്ക്‌ മാറ്റി.

പാളയത്ത്‌ പൊലീസ്‌ സമയബന്ധിതമായി ഇടപെട്ട്‌ തടഞ്ഞതിനാൽ മാത്രമാണ് എ കെ ജി സെന്ററിന്‌ നേരെ അക്രമം നടത്താനുള്ള യൂത്ത്‌ കോൺഗ്രസ്‌ നീക്കം പാളിയത്‌. യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ വീണ എസ്‌ നായരുടെ നേതൃത്വത്തിൽ വനിതാ പ്രവർത്തകർ എ കെ ജി സെന്ററിലേക്ക്‌ കടന്നുകയറാൻ ശ്രമിച്ചെങ്കിലും വനിതാ പൊലീസ്‌ ഇവരെ അറസ്റ്റുചെയ്‌ത്‌ നീക്കി. സിപിഐ എം പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങളും പ്രചരണ ബോർഡുകളുമെല്ലാം തകർത്തു.

വിവിധ ജില്ലകളിൽ സമരവുമായി തെരുവുകളിൽ തേർവാഴ്‌ച നടത്തിയ പ്രവർത്തകരെ അക്രമങ്ങളിൽ നിന്ന്‌ പിന്തിരിപ്പിക്കാൻ മുതിർന്ന കോൺഗ്രസ്‌ നേതാക്കളും തയ്യാറായില്ല. പകരം എരിതീയിൽ എണ്ണയൊഴിച്ച്‌ അക്രമം പടർത്തിവിടാനുള്ള ശ്രമമാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ളവരുടെ ഭാഗത്ത്‌ നിന്നുണ്ടായത്‌. രാഹുൽഗാന്ധിയുടെ ഓഫീസിലേക്ക്‌ പ്രതിഷേധം നടത്തിയാൽ തിരിച്ചടിയുണ്ടാകുമെന്ന പ്രസ്താവന  പ്രവർത്തകർക്ക്‌ കൂടുതൽ അക്രമത്തിലേക്ക്‌ തിരിയാൻ പ്രചോദനമാവുകയും  ചെയ്‌തു.

ജനാധിപത്യപരമായ സമരങ്ങള്‍ അക്രമസക്തമാവുന്നത് ശരിയായ പ്രവണതയല്ലെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്തവനയില്‍ പറഞ്ഞു. എസ്.എഫ്.ഐ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി എം.പി യുടെ ഓഫീസില്‍ നടന്ന ആക്രമ സംഭവങ്ങള്‍ അപലപനീയമാണ്. കേരളത്തെ കലാപഭുമിയാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി, യു.ഡി.എഫ് ശ്രമത്തെ നല്ല രീതിയില്‍ ബഹുജനങ്ങളെ അണിനിരത്തി നേരിടുക എന്നതാണ് സി.പി.ഐ(എം) നിലപാട്.

മുഖ്യമന്ത്രിയെ വിമാനത്തില്‍ കയറി അക്രമിക്കാനും, സി.പി.ഐ(എം) പതാക കത്തിക്കാനും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയത്. ഇതിനെയെല്ലാം കോണ്‍ഗ്രസ്സ് നേതൃത്വം ആശീര്‍വദിക്കുകയാണ് ചെയ്തത്. ഇത്തരം സംഭവങ്ങളെ ചെറുക്കുന്നതില്‍ പോലും അക്രമത്തിന്റെ പാതയല്ല സി.പി. ഐ (എം) സ്വീകരിച്ചത്.

ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഭുഷണമല്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും നിരാകരിക്കേണ്ടതാണ്. രാഹുല്‍ ഗാന്ധി എം.പിയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനം ഇത്തരത്തില്‍ അക്രമത്തില്‍ കലാശിച്ചത് ശരിയായ രീതിയല്ല. ഈ കാര്യത്തില്‍ പാര്‍ട്ടി ഗൗരവപൂര്‍വം പരിശോധിക്കും. ഉത്തരവാദിയായവരെ ഒരു തരത്തിലും സംരക്ഷിക്കുന്ന നിലപാട് സി.പി. ഐ (എം) സ്വീകരിക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here