CM : വയനാട് സംഭവം; ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്‌: എഡിജിപി അന്വേഷിക്കും, ഡിവൈഎസ്പിക്ക് സസ്പെൻഷൻ

വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാർച്ചും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തും. പോലീസ് ആസ്ഥാനത്തെ എഡിജി പിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്പെന്റ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീ സർക്ക് നൽകുവാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമത ലപ്പെടുത്തി.

വയനാട്‌ കല്‍പ്പറ്റ കൈനാട്ടിയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമായിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ പ്രതിഷേധം. ബഫർസ്സോൺ വിഷയത്തിൽ ജില്ലയിൽ വലിയ പ്രതിഷേധങ്ങൾ നടന്നെങ്കിലും സ്ഥലം എം പി വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാത്തതിൽ പ്രതിഷേധം നിലനിൽക്കെയാണ്‌ എസ്‌ എഫ്‌ ഐ എം പി ഓഫീസിലേക്ക്‌ പ്രതിഷേധവുമായി എത്തിയത്‌.

ഇതേ തുടർന്ന് ഓഫീസിന്‌ മുൻപിൽ സംഘർഷം രൂപപ്പെടുകയായിരുന്നു. ഓഫീസിലേക്ക്‌ തള്ളിക്കയറിയ പ്രവർത്തകർക്ക്‌ നേരെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ്‌ മണിക്കൂറുകൾ നീണ്ട സംഘർഷമുണ്ടായത്‌. പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെങ്കിലും സംഭവത്തിൽ ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുകയാണ്‌.

സംഘർഷത്തിൽ പോലീസുകാർക്കുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്‌.യു ഡി എഫ്‌ ,എസ്‌ പി ഓഫീസിലേക്ക്‌ നടത്തിയ പ്രതിഷേധപ്രകടനത്തിലും സംഘർഷമുണ്ടായി.പരിക്കേറ്റ യൂത്ത്‌ കോൺഗ്രസ്‌ എസ്‌ എഫ്‌ ഐ പ്രവർത്തകർ ചികിത്സയിലാണ്‌.അതേ സമയം ഓഫീസിൽ കയറിയുള്ള പ്രതിഷേധത്തെ സി പി ഐ എം അപലപിച്ചിട്ടുണ്ട്‌.

അക്രമകരമായ പ്രതിഷേധത്തെ പിന്തുണക്കുന്നില്ലെന്ന് സി പി ഐ എം ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.സംഭവത്തിൽ പ്രതിഷേധിച്ച്‌ യു ഡി എഫ്‌ നേതാക്കൾ നാളെ ജില്ലയിലെത്തും.

അതേസമയം ജനാധിപത്യപരമായ സമരങ്ങള്‍ അക്രമസക്തമാവുന്നത് ശരിയായ പ്രവണതയല്ലെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്തവനയില്‍ പറഞ്ഞു. എസ്.എഫ്.ഐ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി എം.പി യുടെ ഓഫീസില്‍ നടന്ന ആക്രമ സംഭവങ്ങള്‍ അപലപനീയമാണ്.

കേരളത്തെ കലാപഭുമിയാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി, യു.ഡി.എഫ് ശ്രമത്തെ നല്ല രീതിയില്‍ ബഹുജനങ്ങളെ അണിനിരത്തി നേരിടുക എന്നതാണ് സി.പി.ഐ(എം) നിലപാട്. മുഖ്യമന്ത്രിയെ വിമാനത്തില്‍ കയറി അക്രമിക്കാനും, സി.പി.ഐ(എം) പതാക കത്തിക്കാനും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയത്.

ഇതിനെയെല്ലാം കോണ്‍ഗ്രസ്സ് നേതൃത്വം ആശീര്‍വദിക്കുകയാണ് ചെയ്തത്. ഇത്തരം സംഭവങ്ങളെ ചെറുക്കുന്നതില്‍ പോലും അക്രമത്തിന്റെ പാതയല്ല സി.പി. ഐ (എം) സ്വീകരിച്ചത്. ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഭുഷണമല്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും നിരാകരിക്കേണ്ടതാണ്.

രാഹുല്‍ ഗാന്ധി എം.പിയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനം ഇത്തരത്തില്‍ അക്രമത്തില്‍ കലാശിച്ചത് ശരിയായ രീതിയല്ല. ഈ കാര്യത്തില്‍ പാര്‍ട്ടി ഗൗരവപൂര്‍വം പരിശോധിക്കും. ഉത്തരവാദിയായവരെ ഒരു തരത്തിലും സംരക്ഷിക്കുന്ന നിലപാട് സി.പി. ഐ (എം) സ്വീകരിക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News