രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് നടന്ന സമരവും ആക്രമണവും അംഗീകരിക്കാനാവാത്തത്, നേതൃത്വം നൽകിയവർക്കെതിരെ സംഘടനാ നടപടി സ്വീകരിക്കും : എസ്.എഫ്.ഐ

രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫീസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ല, ഇതിനെ തള്ളിപ്പറയുന്നു.

സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ഇന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല.

ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട ഈ സംഭവം ഉയർത്തിപ്പിടിച്ച് എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാർത്ഥികളും തിരിച്ചറിയണം.

അവസരം മുതലെടുത്ത് എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാർച്ചും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തും. പോലീസ് ആസ്ഥാനത്തെ എഡിജി പിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്പെന്റ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീ സർക്ക് നൽകുവാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News