തമിഴ്നാട് നാഗർകോവിൽ മുട്ടത്ത് അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പതിനഞ്ചു ദിവസത്തിനു ശേഷം പൊലീസ് അറസ്റ്റുചെയ്തു. കടിയപ്പട്ടിണം ഫാത്തിമ സ്ട്രീറ്റിൽ അമല സുമനാണ് അറസ്റ്റിലായത്.
മുട്ടം തീരദേശഗ്രാമത്തിലെ ആന്റോ സഹായരാജിന്റെ ഭാര്യ പൗലിൻ മേരി, പൗലിൻ മേരിയുടെ അമ്മ തിരസമ്മാൾ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അമല സുമനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഏഴിന് ഉച്ചയോടെയാണ് ഇരുവരെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ നാട്ടുകാർ കണ്ടത്. ഭർത്താവും കുട്ടികളും വിദേശത്തായതിനാൽ പൗലിൻ മേരിയും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
പൗലിൻ മേരി യുടെ വീട്ടിൽ തയ്യൽ ക്ലാസിൽ എത്തിയിരുന്ന പെൺകുട്ടിയെ അമല സുമൻ ശല്യംചെയ്തത് പൗലിൻ മേരി ചോദ്യംചെയ്തതിലുള്ള മുൻവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എസ്.പി. ഹരികിരൺ പ്രസാദ് പറഞ്ഞു.
ആറിന് രാത്രി പൗലിൻ മേരിയുടെ വീട്ടിൽ എത്തിയ അമല സുമൻ പൗലിൻ മേരിയുടെ തലയിൽ ചുറ്റികകൊണ്ട് 13 പ്രാവശ്യം അടിച്ച് കൊലപ്പെടുത്തിയ ശേഷം, തിരസമ്മാളുടെ തലയിൽ ഇസ്തിരിപ്പെട്ടി കൊണ്ടു തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തെത്തുടർന്ന് അമല സുമൻ രക്ഷപ്പെടുന്നതിനിടെ സംഭവസ്ഥലത്ത് വിട്ടുപോയ തൊപ്പിയാണ് പ്രതിയെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. കൊലപാതകത്തിനു ശേഷം ഇരുവരുടെയും കഴുത്തിൽനിന്നു കവർന്ന സ്വർണമാലകളും കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും പ്രതിയിൽനിന്ന് പൊലീസ് പിടിച്ചെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.