WCC: എന്നും എപ്പോഴും അതിജീവിതക്കൊപ്പം; ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു; ഡബ്ല്യുസിസി

വിജയ് ബാബു(VIJAY BABU)വിന് ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി(WCC) രംഗത്ത്‌. ഇപ്പോൾ ഈ കുറ്റാരോപിതന് ജാമ്യം ലഭിച്ചിരിക്കുകയാണെന്നും പരാതിപ്പെടുന്ന അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടതെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നതായും ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

തങ്ങൾക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ ഈ രാജ്യത്തെ നിയമത്തിന്റെ ചട്ടക്കൂട് അനുസരിച്ച് പൊലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും / പൗരയ്ക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്റെ കാര്യത്തിൽ നിയമവ്യവസ്ഥ പരാതിക്കാരിക്ക് സെക്‌ഷൻ 228എ പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നൽകുന്നു.

നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ ഞങ്ങളുടെ സഹപ്രവർത്തകയായ, പുതുമുഖ നടി, പൊലീസിൽ നൽകിയ ഔദ്യോഗിക പരാതിയോട് അയാൾ പ്രതികരിച്ചത് ഇങ്ങിനെയാണ് :

1. ഏപ്രിൽ മാസം 24 മുതൽ ജൂൺ ഒന്നാം തീയതി വരെ വിദേശത്തേക്കു മാറിനിൽക്കുക വഴി, നിയമത്തിന്റെ മുന്നിൽനിന്ന് ഒളിച്ചോടുകയും അതിലൂടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു.

2. സമൂഹമാധ്യമത്തിൽ പരസ്യമായി പരാതിക്കാരിയുടെ പേരു പ്രഖ്യാപിക്കുകയും അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

3. തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും, പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാനായി അയാൾ ശ്രമിച്ചതായും ആരോപണമുണ്ട്.

ഈ കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇപ്പോൾ ഈ കുറ്റാരോപിതനു ജാമ്യം ലഭിച്ചിരിക്കുകയാണ്.

പരാതിപ്പെടുന്ന അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്‌ഷൻ 376 പ്രകാരം, 28%ൽ താഴെ ബലാത്സംഗക്കേസുകളിൽ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിന്റെ കാരണവും ഇതേ പേറ്റേൺ ആണ്. ഒരു അതിജീവിതയ്ക്ക് അവളുടെ മുന്നിലെ തടസങ്ങൾ എല്ലാം നേരിട്ടു കൊണ്ടു സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്.

വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

#അതിജീവിതക്കൊപ്പം #അവൾക്കൊപ്പം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News