പരിസ്ഥിതി സംവേദക മേഖല;നിയമനടപടിയും നിയമനിര്‍മാണവും ആവശ്യപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍|A K Saseendran

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിര്‍ത്തി മുതല്‍ ഒരു കിലോ മീറ്റര്‍ പരിധി പരിസ്ഥിതി സംവേദക മേഖല ഉണ്ടായിരിക്കണമെന്ന ബഹു. സുപ്രീംകോടതി ഉത്തരവില്‍ ജനവാസ മേഖലകള്‍ ഒഴിവാക്കിക്കിട്ടുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തണമെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍(A K Saseendran0 കേന്ദ്ര സര്‍ക്കാരിനോട്(Central Government) ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് അയച്ച കത്തിലാണ് ഈ കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

കേരളത്തിന്റെ ആകെ വിസ്തൃതിയില്‍ 29 ശതമാനത്തിലധികം വനമാണ്. നിരവധി നദികള്‍, തടാകങ്ങള്‍, കായലുകള്‍, നെല്‍വയലുകള്‍, തണ്ണീര്‍തടങ്ങള്‍ കേരളത്തിന്റെ പ്രത്യേകതയാണ്. ആകെ വിസ്തൃതിയുടെ 48 ശതമാനം വരെ പശ്ചിമഘട്ട മലനിരകളാണെന്നും കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ഈ കാര്യങ്ങളാല്‍ കേരളത്തില്‍ ജനവാസത്തിന് യോജിച്ച ഭൂവിസ്തൃതി കുറവാണ്. കേരളത്തിന്റെ ജനസംഖ്യയും വര്‍ദ്ധിച്ച ജനസാന്ദ്രതയും സംബന്ധിച്ചും കത്തില്‍ പറയുന്നു. ഈ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും സുപ്രീംകോടതിയുടെ ഉത്തരവിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം.

സുപ്രീംകോടതി മുമ്പാകെയുള്ള ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് കേസില്‍ നിരന്തരം വിവിധ ഉത്തരവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഈ വിഷയത്തില്‍ വ്യക്തമായ വ്യവസ്ഥകള്‍ അടങ്ങുന്ന നിയമനിര്‍മ്മാണം നടത്തുവാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും ഒരേ മാനദണ്ഡങ്ങള്‍ ബാധകമാക്കി പരിസ്ഥിതി സംവേദക മേഖല നിശ്ചയിക്കുന്ന രീതി പാടില്ലെന്നും ഓരോ സംസ്ഥാനത്തിനും സാഹചര്യങ്ങള്‍ പരിഗണിച്ച് മേഖല തീരുമാനിക്കണമെന്നും ജനവാസമേഖല ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള, ജനവാസമേഖലകള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി കേരളത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ച് കൈക്കൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News