നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. ജൂലൈ 27ന് സഭ അവസാനിക്കും. നിലവിലെ രാഷ്ട്രീയ വിഷയങ്ങൾ സഭയിൽ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനും സഭക്ക് പുറത്ത് ശക്തമായ പ്രതിഷേധം ഉയർത്താനുമാണ് പ്രതിപക്ഷ തീരുമാനം.

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത് .നാളെ മുതൽ അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. ഈ സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കും.

സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളിൽ 13 ദിവസം ധനാഭ്യർത്ഥന ചർച്ചക്കാണ് നീക്കി വെച്ചത്. നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായും ധനകാര്യബിൽ ഉൾപ്പെടെയുള്ള ബില്ലുകളുടെ പരിഗണനക്കായി നാല് ദിവസവും ഉപധനാഭ്യാർത്ഥനക്കും ധനവിനിയോഗ ബില്ലുകൾക്കായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം മെയ് 24ന് ആദ്യ സമ്മേളനം ചേർന്ന പതിനഞ്ചാം കേരള നിയമസഭ ഇപ്പോൾ ഒരു വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് നാലു സമ്മേളനങ്ങളിലായി മൊത്തം 61 ദിനങ്ങളാണ് സഭ സമ്മേളിച്ചത്. കൊവിഡ് പശ്ചാത്തലത്തിലും ഇത്രയും ദിവസങ്ങൾ സമ്മേളനം നടന്നു എന്നത് മറ്റ് സംസ്ഥാന നിയമസഭകളുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട പ്രകടനമാണ്.

മൂന്നാം സമ്മേളനം ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു.നിയമ നിർമാണത്തിന് മാത്രമായി ചേർന്ന സമ്മേളനത്തിൽ നിലവിലുണ്ടായിരുന്ന 34 ഓർഡിനൻസുകൾക്ക് പകരമുള്ള 34 ബില്ലുകൾ സഭ ചർച്ച ചെയ്ത് പാസാക്കുകയും ഒരു ബിൽ വിശദമായ പരിശോധനക്ക് സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയക്കുകയും ചെയ്തു.

കഴിഞ്ഞ നാല് സമ്മേളനങ്ങളിലായി സഭ മൊത്തം 48 ബില്ലുകൾ പാസാക്കുകയും ചട്ടം 118 പ്രകാരമുള്ള നാല് ഗവൺമെന്റ് പ്രമേയങ്ങൾ പാസാക്കുകയും ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here