രഞ്ജി ട്രോഫിയില്‍(Ranji Trophy) മധ്യപ്രദേശിന്(Madhyapradesh) ചരിത്ര കിരീടം. ആവേശകരമായ ഫൈനലില്‍ ആറു വിക്കറ്റിന് മുംബൈയെ തോല്‍പിച്ചാണ് മധ്യപ്രദേശ് ആദ്യ രഞ്ജി കിരീടത്തില്‍ മുത്തമിട്ടത്. മുംബൈയുടെ ആറാം ഫൈനല്‍ തോല്‍വിയാണിത്.
ചിന്നസാമിയിലെ അഞ്ച് ദിനങ്ങളിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ ശിഷ്യര്‍ അമോല്‍മജുംദാര്‍ പരിശീലകനായ മുംബൈയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചത്. ബാറ്റിംഗില്‍ യഷ് ദുബേയും ശുഭം ശര്‍മയും രജത് പട്ടിദാറും സെഞ്ചുറികളുമായി നിറഞ്ഞാടിയപ്പോള്‍ ബോളിംഗില്‍ ഗൌരവ് യാദവും അനുഭവ് അഗര്‍വാളും കുമാര്‍ കാര്‍ത്തികേയയും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
സര്‍ഫ്രാസ് ഖാന്റെ സെഞ്ചുറിക്കരുത്തില്‍ ആദ്യ ഇന്നിങ്‌സില്‍ മുംബൈ 374 റണ്‍സെടുത്തപ്പോള്‍ മധ്യപ്രദേശ് കെട്ടിപ്പൊക്കിയത് 536 റണ്‍സാണ്. 162 റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് കടവുമായി ഇറങ്ങിയ മുംബൈ രണ്ടാം ഇന്നിങ്‌സില്‍ 269 റണ്‍സിന് എല്ലാവരും പുറത്തായി. മുന്‍ നിര ബാറ്റര്‍മാരെല്ലാം പെട്ടെന്ന് മടങ്ങിയപ്പോള്‍ ടീമില്‍ ചെറുത്തു നിന്നത് 51 റണ്‍സെടുത്ത സുവേദ് പാര്‍ക്കര്‍ മാത്രമാണ്. നാല് വിക്കറ്റ് വീഴ്ത്തിയ ഇടംകയ്യന്‍ സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയയാണ് മുംബൈ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്.
വിജയത്തിന് വേണ്ട 108 റണ്‍സ് നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയതോടെ ഏറെക്കാലമായി കൊതിക്കുന്ന സ്വപ്ന കിരീടം ആദിത്യ ശ്രീവാസ്തവ ക്യാപ്റ്റനായ മധ്യപ്രദേശിന് . 41 തവണ രഞ്ജി കിരീടത്തില്‍ മുത്തമിട്ട മുംബൈയ്ക്ക് ഒരിക്കല്‍ക്കൂടി തല താഴ്ത്തി മടക്കം. 1998-99 സീസണില്‍ ഫൈനലിലെത്തി കര്‍ണാടകയോട് തോറ്റ അന്നത്തെ ക്യാപ്റ്റനായ ചന്ദ്രകാന്ത് പണ്ഡിറ്റിന് നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം പരിശീലകനെന്ന നിലയില്‍ അഭിമാനമുഹൂര്‍ത്തം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here