John Brittas MP : ഇഹ്സാൻ ജാഫ്രിയും 68 പേരും ജീവിച്ചിരിക്കുന്നു ; അവരെയാരും കൊന്നിട്ടില്ല : ജോണ്‍ ബ്രിട്ടാസ് എം പി

മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിനെയും ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം പി.ഇവരെ അറസ്റ്റിലേക്ക് നയിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം തന്‍റെ സമൂഹമാധ്യമം മുഖേന വ്യക്തമാക്കുകയാണ് ജോൺ ബ്രിട്ടാസ് എം പി.

വന്ദ്യവയോധിക 83 വയസ്സുള്ള സാക്കിയ ജാഫ്രി ആരാണ്? എന്തിനാണ് അവർ രണ്ടുപതിറ്റാണ്ട് പോലിസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങിയത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമ്പോൾ മാത്രമേ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ്, മുൻ ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന മലയാളിയുമായ ആർ ബി ശ്രീകുമാർ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് ജോൺ ബ്രിട്ടാസ് എം പി പറയുന്നു .

സാക്കിയക്ക് 64 വയസ്സുണ്ടായിരുന്നപ്പോഴാണ് അവർ താമസിച്ചിരുന്ന ഗുൽബർഗ് ഹൗസിംഗ് സൊസൈറ്റിയിലേക്ക് ഒരുകൂട്ടം മതഭ്രാന്തന്മാർ ഇരച്ചുകയറി അവരുടെ ഭർത്താവ് ഇഹ്സാൻ ജാഫ്രി ഉൾപ്പെടെ 69 പേരെ കൊന്നുതള്ളിയത്. വളരെ നിഷ്ഠൂരമായ കൊലപാതകങ്ങൾ.
ഗുജറാത്തിൽ അരങ്ങേറിയ മുസ്ലിം വേട്ടയുടെ പരിഛേദമാണ് ഗുൽബർഗ് സൊസൈറ്റിയിൽ ഉണ്ടായത്.

ആരാണ് ഇഹ്സാൻ ജാഫ്രി? കോൺഗ്രസിൻറെ സമുന്നതനായ നേതാവ്, മുൻ എംപി. എന്നാൽ തന്റെ ഭർത്താവിന്റെയും മറ്റുള്ളവരുടെയും
കൂട്ടക്കുരുതിയിൽ നീതിതേടി സാക്കിയ അലഞ്ഞപ്പോൾ ഗുജറാത്തിലെ ഒരു കോൺഗ്രസുകാരനും അവരെ സഹായിക്കാൻ എത്തിയില്ല. നീതിക്കുവേണ്ടിയുള്ള അവരുടെ പ്രയാണത്തിൽ കൈത്താങ്ങ് ആയത് ടീസ്തയും ശ്രീകുമാറിനെ പോലുള്ളവരുമാണ്.2002 ഇൽ ഗുജറാത്തിൽ അരങ്ങേറിയത് ബോധപൂർവമായ നരഹത്യ ആണെന്നും, അതിൽ ഉന്നത ഭരണാധികാരികൾക്ക് പങ്കുണ്ടെന്നും ടീസ്തയെ പോലുള്ളവർ വാദിച്ചു.

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കുറ്റവിമുക്തമാക്കി കൊണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിയും വന്നു.ഇതിനർത്ഥം ഇഹ്സാൻ ജാഫ്രിയും ഗുൽബർഗ് സൊസൈറ്റിയിലെ മറ്റു 68 പേരും ജീവിതത്തിലേക്ക് മടങ്ങി വരുമെന്നല്ല. അവർ കൊലചെയ്യപ്പെട്ടു എന്നത് തന്നെയാണ് ദുരന്ത യാഥാർത്ഥ്യം. ഒരു പരമോന്നത കോടതിയ്ക്കും മായ്ച്ചുകളയാൻ ആവാത്ത കാര്യം.അതിനു പിന്നിലെ പ്രബലമായ ശക്തികൾക്കെതിരെയാണ് ടീസ്തയും ശ്രീകുമാറും പൊരുതിയത്. അവർ വിജയിക്കുകയയോ പരാജയപ്പെടുകയോ ചെയ്തേക്കാം. സ്വാഭാവികം. എന്നാൽ അവർ കാരാഗൃഹത്തിൽ അടക്കപ്പെടുന്നു എന്നത് ദുരവസ്ഥയാണെന്നും ജോൺ ബ്രിട്ടാസ് എം പി പറയുന്നു .

അതേസമയം  തനിക്കെതിരെ പൊലീസ് കയ്യേറ്റം ഉണ്ടായതായി ടീസ്ത സെതൽവാദ്. കൈയിൽ പരുക്ക് ഉണ്ടെന്നും ടീസ്ത ആരോപിച്ചു.അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ടീസ്തയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കൊവിഡ് പരിശോധന വന്നതിന് ശേഷമാകും ചോദ്യം ചെയ്യലെന്ന് പൊലീസ് അറിയിച്ചു.

ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിനെയും ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചാണ് ചോദ്യം ചെയ്യുക.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ ഇന്നലെയാണ് ഇരുവരെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്തയുടെ എൻജിഒ അടിസ്ഥാനരഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെയാണ് ടീസ്റ്റയെ കസ്റ്റഡിയിൽ എടുക്കുന്നത്. മുബൈയിൽ നിന്ന് ഇന്നലെ അർദ്ധരാത്രി ടീസ്റ്റയെ ഇരുവരെയും അഹമ്മദാബാദിൽ എത്തിച്ചു.

ആർ.ബി ശ്രീകുമാറിനെ അഹമ്മദാബാദിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കൂടാതെ, ജയിൽ കഴിയുന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന്റെ പേരും എഫ്.ഐ.ആറിലുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിക്കൽ, ഗൂഢാലോചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News