Ente thozhil, ente abhimanam: ‘എന്റെ തൊഴില്‍, എന്റെ അഭിമാനം’ ആദ്യഘട്ടം പൂര്‍ത്തിയായി; രണ്ടാം ഘട്ടത്തിന് ഉടന്‍ തുടക്കം

കെ ഡിസ്‌കും(K Disk) കുടുംബശ്രീയും(Kudumbasree) ചേര്‍ന്ന് നടത്തുന്ന ‘എന്റെ തൊഴില്‍, എന്റെ അഭിമാനം'(Ente thozhil, ente abhimanam) ക്യാമ്പയിന്‍ ആദ്യഘട്ടം പൂര്‍ത്തിയായതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മൂലം മാറ്റിവെച്ച എറണാകുളത്തെ സര്‍വ്വേ വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്തത് 53,42,094 തൊഴിലന്വേഷകരാണ്. തൊഴില്‍ അന്വേഷകരില്‍ 58.3% സ്ത്രീകളും 41.5% പുരുഷന്മാരുമാണ്. 3578 ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരും പട്ടികയിലുണ്ട്. 81,12,268 വീടുകളിലെത്തി കുടുംബശ്രീ വളണ്ടിയര്‍മാര്‍ വിവരങ്ങള്‍ തേടി. 79,647 കുടുംബശ്രീ പ്രവര്‍ത്തകരാണ് സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കിയത്. യുവതയ്ക്ക് തൊഴില്‍ ഒരുക്കാനുള്ള പദ്ധതിയില്‍ സര്‍ക്കാരിനൊപ്പം ആവേശപൂര്‍വ്വം പങ്കാളിയായ കുടുംബശ്രീ വളണ്ടിയര്‍മാരെ മന്ത്രി അഭിനന്ദിച്ചു.

രണ്ടാം ഘട്ടത്തിലേക്ക്

തൊഴില്‍ അന്വേഷകരുടെ വിശദമായ പ്രൊഫെയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. അധിക യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുക. തൊഴില്‍ സര്‍വ്വേയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ അടുത്തെത്തി കുടുംബശ്രീ വളണ്ടിയര്‍മാര്‍ ഈ വിവരം തേടും. 40 വയസില്‍ താഴെയുള്ള ബിരുദധാരികളായ തൊഴില്‍ അന്വേഷകരുടെ വിവരം ജൂലൈ 31നകം പൂര്‍ണ്ണമായി അപ്‌ഡേറ്റ് ചെയ്യാനാണ് ആദ്യം ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കെ ഡിസ്‌കിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്മന്റ് സിസ്റ്റം ആണ് വിവരശേഖരണത്തിനുള്ള ആപ്പ് ആക്കി മാറ്റുന്നത്. അധിക യോഗ്യത, പ്രവര്‍ത്തി പരിചയം, അഭിരുചി, നൈപുണ്യം എന്നിവയോടൊപ്പം പ്രതീക്ഷിക്കുന്ന ശമ്പളവും രേഖപ്പെടുത്താന്‍ കഴിയുന്ന രീതിയിലാകും ആപ്പിന്റെ രൂപകല്‍പ്പന. ഡിജിറ്റല്‍ സര്‍വ്വകലാശാലയാണ് അപ്പ് തയ്യാറാക്കുന്നത്. തൊഴില്‍ദായകരെയും തൊഴില്‍ അന്വേഷകരെയും ബന്ധിപ്പിക്കാനുള്ള പ്രധാന സങ്കേതമായി ആപ്പിനെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലുള്ള തൊഴില്‍ അന്വേഷണ ആപ്പുകള്‍ക്കുള്ള കേരളത്തിന്റെ ബദലാകാന്‍ ഈ സംവിധാനത്തിന് കഴിയും. സ്വകാര്യ കമ്പനികള്‍ക്കും ജോലിക്കാരെ തേടാനുള്ള ഇടമായി ആപ്പിനെ മാറ്റാനാകണം എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

രണ്ടാം ഘട്ടം വിവരശേഖരണത്തിന് വാര്‍ഡ് അടിസ്ഥാനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കും. ഒന്നാം ഘട്ട സര്‍വ്വേയില്‍ നിയോഗിച്ച എന്യൂമറേറ്റര്‍മാരില്‍ ബിരുദധാരികള്‍ ആയവരെ ആകും നിയോഗിക്കുക. ഇവര്‍ക്ക് ആവശ്യമായ പരിശീലനം ജൂലൈ 4ന് ശേഷം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News