Uddhav Thakckeray: ‘നിന്റെ തന്തയല്ല എന്റെ തന്ത’; മോഹന്‍ലാല്‍ ഡയലോഗിനെ ഓര്‍മിപ്പിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍(Maharashtra) അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയ നാടകങ്ങള്‍ തുടരുമ്പോള്‍ പാര്‍ട്ടിയും കൈവിട്ടു പോകുന്ന സാഹചര്യം ഉയര്‍ന്നതോടെയാണ് ഉദ്ധവ് താക്കറെ(Uddhav Thackeray) സ്വരം കടുപ്പിച്ചിരിക്കുന്നത്.

ഭരണം കൈവിട്ടു പോയാലും അണികള്‍ ചോര്‍ന്നു പോയിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയെ തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

അനുനയ നീക്കങ്ങളോട് വിമത പക്ഷം മുഖം തിരിച്ച സാഹചര്യത്തില്‍ വിമതര്‍ക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകാനാണ് ശിവസേനയുടെ തീരുമാനം, പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ബാല്‍ താക്കറെയുടെ പേരോ വിമത പക്ഷം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന സന്ദേശമാണ് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം കൂടിയ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വ്യക്തമാക്കിയത്.

സ്വന്തം പിതാവിന്റെ പേരില്‍ വോട്ടു പിടിക്കാനും ഉദ്ധവ് താക്കറെ ഏക്നാഥ് ഷിന്‍ഡെയോട് ആവശ്യപ്പെട്ടു. ശിവസേന ഭവനില്‍ തടിച്ചു കൂടിയ ശിവസേന പ്രവര്‍ത്തകര്‍ ഉദ്ധവ് താക്കറെയുടെ വാക്കുകള്‍ ആരവങ്ങളോടെയാണ് ഏറ്റെടുത്തത്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്നതിനിടയില്‍ വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം ‘ശിവസേന ബാലാസാഹേബ്’ എന്ന പേരില്‍ ഗ്രൂപ്പ് രൂപീകരിച്ചതാണ് താക്കറെയെ ചൊടിപ്പിച്ചത്. കൂടാതെ ഏക് നാഥ് ഷിന്‍ഡെയുടെ വസതിക്ക് സമീപം മകന്‍ ശ്രീകാന്ത് ഷിന്‍ഡെ എം പി യുടെ നേതൃത്വത്തില്‍ നടന്ന ശക്തി പ്രകടനത്തിലും ഉയര്‍ത്തിപ്പിടിച്ചിരുന്നത് ശിവസേനയുടെ കൊടിയും ബാല്‍ താക്കറെയുടെ ചിത്രവുമായിരുന്നു.

ഗുവാഹത്തിയില്‍ ഏകനാഥ് ഷിന്‍ഡെയ്ക്കൊപ്പമുള്ള വിമതര്‍ക്കെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് ശിവസേന എം പി സഞ്ജയ് റൗതും മന്ത്രി ആദിത്യ താക്കറെയും ഇന്ന് മുംബൈയില്‍ സംസാരിച്ചത്. അധികാര മോഹികള്‍ മാത്രമാണ് ശിവസേന വിട്ടതെന്നും മറാഠ പെരുമയെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തകര്‍ ഇപ്പോഴും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും മന്ത്രി ആദിത്യ താക്കറെ.വ്യക്തമാക്കി..

റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണുമ്പോള്‍ ബിഗ് ബോസ് ഹൗസ് പോലെയാണ് തോന്നുന്നതെന്നും മഹാരാഷ്ട്രയിലെ ജനപ്രതിനിധികളുടെ അവസ്ഥയില്‍ പരിതപിക്കുന്നുവെന്നും ശിവസേന എം പി സഞ്ജയ് റൗത് പറഞ്ഞു. എത്ര നാള്‍ നിങ്ങള്‍ ബന്ധികളായി ഗുവാഹത്തിയില്‍ ഒളിക്കുമെന്നും ഒരു ദിവസം ചൗപ്പാത്തിയിലേക്ക് തന്നെ മടങ്ങേണ്ടി വരുമെന്നും സഞ്ജയ് റൗത് പരിഹസിച്ചു

ഇതിനിടെ ഷിന്‍ഡെ ക്യാമ്പില്‍ പിളര്‍പ്പ് തുടങ്ങിയതായ വിവരങ്ങളാണ് പുറത്ത് വരുന്നത് . ഇരുപതോളം എം എല്‍ എ മാരാണ് മനം മാറ്റത്തിനൊടുവില്‍ ശിവസേന നേതൃത്വവുമായി ബന്ധപ്പെട്ടിരിക്കുന്നത്.

ശിവസേന ചിഹ്നവും പേരും ബാല്‍ താക്കറെയുടെ ചിത്രവും ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ബാല്‍ താക്കറെയുടെ കീഴില്‍ വളര്‍ന്ന നേതാക്കളില്‍ നിലപാട് മാറ്റം ഉണ്ടായിരിക്കുന്നത്.

നിയമ പോരാട്ടത്തിലേക്ക് പോകുമ്പോള്‍ ഇനിയും താമസം നീണ്ടു പോകുന്നതും പലരെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News