Niyamasaba; സഭയിൽ തുടക്കം തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം; ചോദ്യോത്തരവേള തടസപ്പെടുത്തി, സഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചു

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ തുടക്കം തന്നെ പ്രതിഷേധത്തിൽ. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സഭ അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചത്. ശേഷം അദ്ദേഹം ചേംബറിലേക്ക് മടങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തുന്നത് സഭാ ചട്ടങ്ങള്‍ക്കെതിരാണെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി.

എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററായിരുന്നു ചോദ്യോത്തരവേളയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയാന്‍ ആരംഭിച്ചത്. ഉടന്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ചോദ്യോത്തര വേള തടസപ്പെടുത്തുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കരുതെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

പിന്നീട് സ്പീക്കര്‍ ചെയറില്‍ നിന്നും എഴുന്നേറ്റ് നിന്ന് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം സീറ്റില്‍ ഇരിക്കാതെ പ്രതിഷേധം തുടരുകയായിരുന്നു. മാത്യൂകുഴല്‍നാടന്‍, എല്‍ദോസ് കുന്നംപള്ളി എംഎല്‍എമാരുടേ പേര് വിളിച്ചുകൊണ്ട് സ്പീക്കര്‍ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു.

ചോദ്യോത്തര വേള തടസപ്പെടുത്തുന്ന രീതി ശരിയല്ല… അംഗങ്ങൾ സഹകരിക്കണം, പ്ലാക്കാർടുകളും ബാനറുകളും ഉയർത്തുന്നത് സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.

അതേസമയം, തുടക്കത്തിൽ തന്നെ സഭയിൽ പ്രതിഷേധം ഉണ്ടാകണമെന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രതിപക്ഷഅംഗങ്ങൾ സഭയിൽ എത്തിയിരുന്നത്. നിയമസഭയിൽ കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ എന്നിവരാണ് കറുപ്പണിഞ്ഞെത്തിയത്.

പതിനഞ്ചാം കേരളാ നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോൾ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് പ്രതിപക്ഷം. കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖാണ് നോട്ടീസ് നൽകിയത്. വിഷയം നിയമസഭയിൽ ചർച്ചയാക്കാനാണ് പ്രതിപക്ഷ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News