പ്രതിപക്ഷത്തിന്റെ ആരോപണം വെള്ളം നനഞ്ഞ പടക്കം പോലെ: എ കെ ബാലന്‍

സഭയില്‍ മുഖ്യമന്ത്രി പറയുന്നത് കേള്‍ക്കാതിരിക്കാനായിരുന്നു പ്രതിപക്ഷ നീക്കമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ . മുഖ്യമന്ത്രിയുടെ മറുപടി കേട്ടിരുന്നെങ്കില്‍ പ്രതിപക്ഷം തലകുനിക്കേണ്ടി വരുമായിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണം വെള്ളം നനഞ്ഞ പടക്കം പോലെന്നും എ കെ ബാലന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ഇന്ന് കണ്ടത് പ്രതിപക്ഷത്തിന്റെ ഏറ്റവും അപമാനകരമായ സംഭവമാണെന്നും എ കെ ബാലന്‍ പ്രതികരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാലഘട്ടത്തിലാണ് മഹാത്മ ഗാന്ധിയെ ഏറ്റവും കൂടുതല്‍ സ്മരിച്ചത് തന്നെ. ഗാന്ധി കേരളത്തില്‍ വന്ന എല്ലാ സ്ഥലത്തും ഗാന്ധി സ്മരണ നിലനിര്‍ത്തിക്കൊണ്ട്, എഴുപതാം രക്തസാക്ഷി ദിനം പതിനായിരക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഞങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐയെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ഒറ്റപ്പെടുത്തിക്കളയാമെന്ന് ആരും ധരിക്കരുത്. കേരളത്തിലെ മുഖ്യമന്ത്രിയെ ഏതു രൂപത്തിലായിരുന്നു ആക്രമിക്കാനും കൊലപ്പെടുത്താനും അവര്‍ ശ്രമിച്ചത്. ഇവരാണോ ജനാധിപത്യ സംരക്ഷണത്തെക്കുറിച്ച് പറയുന്നതെന്നും എ കെ ബാലന്‍ തുറന്നടിച്ചു.

അതേസമയം മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്ന് പ്രതിപക്ഷം ആലോചിക്കണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം മുട്ടിയപ്പോള്‍ കൈരളി ന്യൂസ് റിപ്പോര്‍ട്ടറോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ടി സിദ്ദിഖും തട്ടിക്കയറിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമില്ലാതായപ്പോ‍ഴാണ് ഇരുവരും കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയത്.

കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ നൃപന്‍ ചക്രവര്‍ത്തിയോട് താങ്കള്‍ കൂടുതല്‍ സംസാരിക്കരുതെന്നും താങ്കളൊന്നും മിണ്ടണ്ട എന്നും പറഞ്ഞ് ടി സിദ്ദിഖും വി ഡി സതീശനും തട്ടിക്കയറുകയായിരുന്നു. ഇന്ന് രാവിലെ നിയമസഭയുടെ പുറത്തുവെച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോ‍ഴാണ് സംഭവം. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ആയതോടെയാണ് ഇരുവരും ഒപ്പം ഷാഫി പറമ്പലും ക്ഷുഭിതനായത്.

വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ അവിടെ നിന്നും നീക്കിയതിന് ശേഷവും ചിത്രം ചുവരില്‍ തന്നെയുണ്ട്. പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

അതേസമയം എസ്‌ എഫ്‌ ഐ ഓഫീസ്‌ ആക്രമണത്തിന്‌ ഗൂഢാലോചന നടത്തിയെന്ന് കെ എസ്‌ യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വെളിപ്പെടുത്തിയിരുന്നു. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കൂടിയായ ജഷീർ പള്ളിവയലിന്റേതാണ്‌ വെളിപ്പെടുത്തൽ.

എം പി ഓഫീസിലെ എസ്‌ എഫ്‌ ഐ പ്രതിഷേധത്തിന്‌ പിന്നാലെ നടന്ന കോൺഗ്രസ്‌ ആക്രമണങ്ങളിൽ ഗൂഢാലോചന നടന്നെന്ന് തെളിയിക്കുന്നതാണ്‌ പരാമർശങ്ങൾ. കൽപ്പറ്റയിലെ ദേശാഭിമാനി ഓഫീസ്‌ ആക്രമണകേസ്‌ പ്രതിയുമായ ജഷീർ പള്ളിവയലിന്റേതാണ്‌‌‌ വെളിപ്പെടുത്തൽ.ഇന്നലെ നടന്ന ഒരു ചാനൽ ചർച്ചയിൽ എസ്‌ എഫ്‌ ഐ ഓഫീസ്‌ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും ഇതിനിടെയാണ്‌ ദേശാഭിമാനി ആക്രമിച്ചതെന്നും ഇയാൾ പറയുന്നു.

ഗാന്ധി ചിത്രം തകർത്തത്‌ കോൺഗ്രസ്‌ പ്രവർത്തകർ തന്നെയെന്ന് തെളിഞ്ഞതോടെ നിലവിട്ട കോൺഗ്രസ്‌ നേതാക്കൾ ആക്രമണങ്ങളിലേക്ക്‌ തിരിയുകയായിരുന്നു.സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെയാണ്‌ ഈ ഗൂഢാലോചകളെന്ന് വ്യക്തമാക്കുന്നതാണ്‌ വെളിപ്പെടുത്തൽ.200 പേരടങ്ങുന്ന സംഘം എസ്‌ എഫ്‌ ഐ ഓഫീസ്‌ ആക്രമിക്കാൻ സംഘടിച്ച്‌ നീങ്ങിയെന്നാണ്‌ കെ എസ്‌ യു നേതാവ്‌ പറയുന്നത്‌.

കല്ലെറിഞ്ഞ സംഘത്തിന്‌ മുന്നിൽ താൻ ഉണ്ടായിരുനെന്നും അതിൽ ഖേദമില്ലെന്നും പറയുന്ന ജഷീർ തൻ തനി ഗാന്ധി ഭക്തനാണെന്നും പറയുന്നു. ജില്ലയിലെ കെ സുധാകരൻ വിഭാഗത്തിന്റെ പ്രധാനിയാണ്‌ ജഷീർ.ഇയാളുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ നിറയെ വെല്ലുവിളികളും കൊലവിളികളുമാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News