രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്; ചോദ്യങ്ങളെ ഭയപ്പെടുന്ന രീതി എന്തിനെന്ന് മുഖ്യമന്ത്രി

രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പത്രസമ്മേളനത്തില്‍ നിന്നും ഇറക്കി വിടുമെന്ന് പറയുന്ന പ്രതിപക്ഷത്തിന് ചോദ്യങ്ങളെ ഭയപ്പെടുന്ന രീതിയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം  പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. കുറെ കാലമായി യുഡിഎഫ് സ്വീകരിക്കുന്ന ഹീനതന്ത്രത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തി. പ്രതിപക്ഷം നല്‍കിയ നോട്ടീസ് അവര്‍ തന്നെ തടസ്സപ്പെടുത്തി. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. സര്‍ക്കാരിന്റെ മറുപടി തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ഈ നിലപാടെന്ന് മനസിലാകുന്നില്ല. ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല.

റൂള്‍ 50 വിവിധ വിഷയങ്ങള്‍ നിയമസഭയില്‍ വരാറുണ്ട്. എം.പി ഓഫീസ് വിഷയമായിരുന്നു ഇന്നത്തേത്. എന്നാല്‍ ആ അടിയന്തര പ്രമേയം സഭയില്‍ ഒരിക്കലും വരരുത് എന്ന രീതിയിലുള്ള നടപടിയാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ തയ്യാറാകുകയല്ലേ പ്രതിപക്ഷം വേണ്ടതെന്നും എന്നാല്‍ ചോദ്യോത്തര വേള പൂര്‍ണമായും തടസപ്പെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു നിലപാട് എടുത്തതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് ഇങ്ങനെ ഒരു നിലപാട് പ്രതിപക്ഷം സ്വീകരിച്ചു എന്ന് ഇപ്പോഴും വ്യക്തമല്ല. നിര്‍ണായകമായ ചര്‍ച്ച നടക്കുന്ന വേദിയാണ് നിയമസഭ. അതാണ് പ്രതിപക്ഷം തടസപ്പെടുത്തിയത്. അതില്‍ എന്താണ് സര്‍ക്കാരിന് എന്ത് മറുപടി പറയാനുള്ളതെന്ന് കേള്‍ക്കാനും പ്രതിപക്ഷം തയാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമണം ബന്ധപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് അടിയന്തര പ്രമേയനോട്ടീസ് നല്‍കിയത്. എന്നാല്‍ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിഷേധം കടുത്തു.

ശൂന്യവേളയില്‍ സഭ ചേര്‍ന്നശേഷം അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണനയ്ക്ക് എടുത്തെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിപ്പോയി. നടുത്തളത്തിലും സ്പീക്കറുടെ ഡയസിനു മുന്നിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ സ്പീക്കര്‍ നപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News