ഗാന്ധിജിയുടെ ചിത്രം താഴെ എത്തിച്ചത് ആരുടെ കുബുദ്ധി? ചോദ്യ ശരങ്ങളുമായി മുഖ്യമന്ത്രി

വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമണത്തില്‍ ഗാന്ധിജിയുടെ ചിത്രം താഴെ എത്തിച്ചത് ആരുടെ കുബുദ്ധിയാണെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനാണ് ഇങ്ങനെ ഒരു കുബുദ്ധി കാണിച്ചതെന്നും ഇവര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗോഡ്‌സെ പ്രായോഗികമായി ചെയ്തത് അവര്‍ പ്രതീകാത്മകമായി ഇവിടെ ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യങ്ങളോട് പറഞ്ഞു.

രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിനു നേരെയുണ്ടായ അക്രമം എല്ലാവരും ഗൗരവമായാണ് കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിച്ചു. അക്രമം തെറ്റായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നിട്ടും കോണ്‍ഗ്രസ് കലാപാന്തരീക്ഷമുണ്ടാക്കാനാണ് ശ്രമിച്ചത്. കോൺഗ്രസ് കുത്സിത ശ്രമം നടത്തുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രതിഷേധിച്ച് മടങ്ങിയ ശേഷമാണ്. എസ്.എഫ്.ഐക്കാർ പോയ ശേഷം ഗാന്ധി ചിത്രം അവിടെ ഉണ്ട്. കോൺഗ്രസുകാരാണ് പിന്നെ അവിടെ ഉണ്ടായിരുന്നത്.

ആരുടെ കുബുദ്ധിയാണ് ചിത്രം തകര്‍ത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. സംഘപരിവാറിന് വേണ്ടി കേരളത്തെ കലുഷിതമാക്കുകയാണ്. കലാപക്കളമാക്കി മാറ്റാം എന്നത് ദുർമോഹം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമണം ബന്ധപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് അടിയന്തര പ്രമേയനോട്ടീസ് നല്‍കിയത്. എന്നാല്‍ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിഷേധം കടുത്തു.

ശൂന്യവേളയില്‍ സഭ ചേര്‍ന്നശേഷം അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണനയ്ക്ക് എടുത്തെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിപ്പോയി. നടുത്തളത്തിലും സ്പീക്കറുടെ ഡയസിനു മുന്നിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ സ്പീക്കര്‍ നപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News