രാഷ്ട്രീയ അഭിപ്രായങ്ങള്‍ വളരെ മ്ലേച്ഛമായ ഭാഷയില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ്സുകാരുള്‍പ്പെടെയുള്ളവര്‍ പ്രകടിപ്പിക്കുന്നത് തികച്ചും ലജ്ജാകരം: കെ വി തോമസ്

തന്റെ മകന്റെയും കൊച്ചു മകളുടെയും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചപ്പോള്‍ ചിലയാളുകള്‍ അസഭ്യം പറഞ്ഞ് കമന്‍റുകള്‍ ഇട്ടത് ദു:ഖകരമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തന്നോടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മനസിലാക്കാന്‍ കഴിവുണ്ട്. എന്നാല്‍, രാഷ്ട്രീയ അഭിപ്രായങ്ങള്‍ വളരെ മ്ലേച്ഛമായ ഭാഷയില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസുകാരുള്‍പ്പെടെയുള്ളവര്‍ പ്രകടിപ്പിക്കുന്നത് തികച്ചും ലജ്ജാകരവും ദു:ഖകരവുമാണ്.

2001ല്‍ എറണാകുളത്ത് അസംബ്ലി സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ആ സ്ഥാനം മോഹിച്ചിരുന്നവരാണ് അന്ന് തിരുത മീനുമായി പ്രകടനം നടത്തിയത്. പക്ഷെ താന്‍ അതിനോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ‘മുക്കുവ കുടില്‍’ പ്രയോഗം വന്നപ്പോള്‍ അത് ഒരു സമൂഹത്തെയാണ് വേദനിപ്പിക്കുന്നതെന്ന് അറിഞ്ഞാണ് പ്രതികരിച്ചതെന്നും കെ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

‘കളിനറി’ കോഴ്സ് പാസായതിനുശേഷം ദുബായ് ടാജ് ഹോട്ടലിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന എന്റെ കൊച്ചുമകളും എന്റെ മകനും കൂടി ഒന്നിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ഇന്നലെ ഞാൻ പോസ്റ്റ് ചെയ്തിരുന്നു. ഒരു കുടുംബനാഥനെന്ന നിലയിൽ മക്കളുടെയും കൊച്ചുമക്കളുടെയും വളർച്ചയിൽ എല്ലാവർക്കുമെന്ന പോലെ എനിക്കുമുണ്ടായ സന്തോഷമാണ് ഞാൻ പങ്കു വെച്ചത്. അതിന് ധാരാളം ആളുകൾ അഭിനന്ദിച്ചും ചിലയാളുകൾ അസഭ്യം പറഞ്ഞും പ്രതികരിച്ചു.

എന്നോടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മനസ്സിലാക്കാൻ കഴിവുള്ളയാളാണ് ഞാൻ. അത്തരം കാര്യങ്ങൾ പലപ്പോഴായി ചർച്ച ചെയ്തതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. രാഷ്ട്രീയ അഭിപ്രായങ്ങൾ വളരെ മ്ലേച്ഛമായ ഭാഷയിൽ, പ്രത്യേകിച്ച് കോൺഗ്രസ്സുകാരുൾപ്പെടെയുള്ളവർ പ്രകടിപ്പിക്കുന്നത് തികച്ചും ലജ്ജാകരവും ദു:ഖകരവുമാണ്.

2001 ൽ ഞാൻ എറണാകുളത്ത് അസംബ്ലി സ്ഥാനാർത്ഥിയായി വന്നപ്പോൾ ആ സ്ഥാനം മോഹിച്ചിരുന്നവരാണ് അന്ന് തിരുത മീനുമായി പ്രകടനം നടത്തിയത്. പക്ഷെ ഞാൻ അതിനൊന്നും പ്രതികരിച്ചിട്ടില്ല. അവർ അവരുടെ വഴിക്കും ഞാൻ എന്റെ വഴിക്കും പോയിരുന്നു. എന്നാൽ ‘മുക്കുവ കുടിൽ’ പ്രയോഗം വന്നപ്പോൾ അത് ഒരു സമൂഹത്തെയാണ് വേദനിപ്പിക്കുന്നതെന്ന് അറിഞ്ഞാണ് ഞാൻ പ്രതികരിച്ചത്.

എന്റെ മൂന്ന് മക്കളും കൊച്ചു മക്കളും കഠിനാധ്വാനത്തിലൂടെയാണ് പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായത്. എന്റെ മകൾ രാഷ്ട്രീയത്തിലേക്ക് വരുന്നെന്ന പ്രചരണം നടത്തിയപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് എന്റെ മക്കൾക്ക് ആർക്കും രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഉദ്ദേശവും താൽപര്യവും ഇല്ലെന്ന്. എന്നിട്ടും വിമർശനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. എല്ലാ സംസ്ക്കാരങ്ങളും മര്യാദകളും വിട്ടുകൊണ്ട് പുലഭ്യം പറയുന്ന ഇത്തരക്കാരോട് എനിക്ക് പറയാനുള്ളത് ഇതൊന്നും ഇവിടെ വേവില്ല. എന്റെ കഠിനാധ്വാനവും, കഴിവും കൊണ്ടാണ് എനിക്ക് സ്ഥാനമാനങ്ങൾ കിട്ടിയിട്ടുള്ളത്. അതിൽ അസൂയയും, ഭയപ്പാടുള്ള ചില കോൺഗ്രസ്സുകാരാണ് സോഷ്യൽ മീഡിയയിലൂടെയുള്ള ഈ അസഭ്യവർഷത്തിന് നേതൃത്വം കൊടുക്കുന്നതെന്ന കാര്യം വളരെ വ്യക്തമായിട്ടെനിക്കറിയാം.

നെഹ്രുവിയൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വർഗീയതയെ താലോലിക്കുന്ന ബിജെപിയെ എതിർക്കുന്നതിനുപകരം, സങ്കുചിതമായ കാഴ്ചപ്പാടോടുകൂടി കേരള രാഷ്ട്രീയത്തിൽ നിന്നുകൊണ്ട് ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പാർട്ടികൾ പരസ്പരം എറ്റുമുട്ടുന്നത് ബിജെപിക്ക് മാത്രമെ ഗുണം ചെയ്യൂവെന്ന കാര്യം ഈ പുലഭ്യം പറയുന്ന കോൺഗ്രസ്സുകാർ ചിന്തിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel