ബഫര്‍സോണ്‍(Bufferzone) വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കുകയെന്നത് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഈ നിലപാട് 2020ല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതുമാണ്. ഓരോ പ്രദേശത്തെയും ജനവാസ പ്രദേശം കണക്കിലെടുത്ത് ഇക്കോ സെന്‍സിറ്റീവ് സോണ്‍ പരിഗണിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം കേരള ഫെയ്‌സ്ബുക്ക്(Facebook) പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയ കുറിപ്പ് പങ്കുവെച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
2011ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇക്കോ-സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചത്. ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും സമീപത്തുള്ള 10 കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വിജ്ഞാപനം. ഈ നിയന്ത്രണം പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ 10 കിലോമീറ്ററില്‍ കൂടുതല്‍ ആകാമെന്നും പറയുന്നുണ്ട്. 2013-ല്‍ യുഡിഎഫ് സര്‍ക്കാര്‍ വയനാട്ടില്‍ 88.210 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശമാണ് സമര്‍പ്പിച്ചത്.
2020-ല്‍ ഇതേ അളവിലുള്ള വനപ്രദേശമാണ് ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരും ശുപാര്‍ശ ചെയ്തിട്ടുള്ളത്. 0 മുതല്‍ 1 കിലോമീറ്റര്‍ വരെ പരിധി ആകാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ജനവാസകേന്ദ്രങ്ങളെ പൂര്‍ണ്ണമായും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളത് തന്നെയാണ്. ഓരോ പ്രദേശത്തെയും ജനവാസ പ്രദേശം കണക്കിലെടുത്ത് ഇക്കോ സെന്‍സിറ്റീവ് സോണ്‍ പരിഗണിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ 03.06.2022 ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചില്ലായിരുന്നുവെങ്കില്‍ 2011 ല്‍ വിജ്ഞാപനം ചെയ്ത പ്രകാരം 10 കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംസ്ഥാനത്ത് ബാധകമാകുമായിരുന്നു എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്.
സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള സാധ്യത ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ കത്ത് അയയ്ക്കുകയും ചെയ്തിട്ടുണ്ട്, തുടര്‍ന്നുള്ള ബന്ധപ്പെടലും നടക്കുകയാണ്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റും. അവര്‍ക്ക് സംരക്ഷണം നല്‍കും. അടിസ്ഥാന നിലപാട് ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കുക എന്നതു തന്നെയാണ്. അത് 2020 ല്‍ തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ആ നടപടികള്‍ തുടര്‍ന്നുകൊണ്ടു പോകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.