V M Sudheeran: തെറ്റായ നടപടികള്‍ പിന്‍വലിച്ച് ടീസ്റ്റ സെത്തല്‍വാദിനെയും ആര്‍.ബി.ശ്രീകുമാറിനെയും സ്വതന്ത്രരാക്കണം: വി.എം.സുധീരന്‍

തെറ്റായ നടപടികള്‍ പിന്‍വലിച്ച് ടീസ്റ്റ സെത്തല്‍വാദിനെയും ആര്‍.ബി.ശ്രീകുമാറിനെയും സ്വതന്ത്രരാക്കണമെന്ന് വി.എം.സുധീരന്‍(V M Sudheeran). ”രാജധര്‍മ്മം പാലിക്കുക”. ലോകത്തിനുമുന്നില്‍ ഇന്ത്യക്ക് അപമാനഭാരംകൊണ്ട് തലതാഴ്ത്തേണ്ടിവന്ന 2002 ലെ ഗുജറാത്ത് വംശഹത്യ നടന്ന സന്ദര്‍ഭത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പേയി നല്‍കിയ ഉപദേശമാണിത്.

പ്രധാനമന്ത്രി വാജ്പേയ്ക്ക് സ്വന്തം പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി നരേന്ദ്രമോദിയോട് ഇപ്രകാരം ഉപദേശിക്കേണ്ടിവന്നത് അക്കാലത്ത് ഗുജറാത്തില്‍ നിലനിന്നിരുന്ന അതീവ ഗുരുതരമായ സാഹചര്യത്തിന്റെ ഫലമായിട്ടാണ്. ഗുജറാത്ത് കലാപത്തില്‍ നിയമപരമായും രാഷ്ട്രീയമായും ധാര്‍മ്മികമായും സംസ്ഥാന ഭരണാധികാരിയായ നരേന്ദ്രമോദിക്കുള്ള അനിഷേധ്യമായ ഉത്തരവാദിത്വം ഏറ്റവും മാന്യമായ ഭാഷയില്‍ പ്രധാനമന്ത്രി വാജ്പേയി ഓര്‍മ്മിപ്പിച്ച സന്ദര്‍ഭമായിരുന്നു അത്.
വ്യാപകമായ വംശഹത്യനടന്ന അക്കാലത്ത് കോണ്‍ഗ്രസ് എം.പി. ഇഹ്സാന്‍ ജാഫ്രി ഉള്‍പ്പെടെയുള്ളവരെ കൂട്ടക്കൊലചെയ്ത അതിനീചവും നിഷ്ഠൂരവുമായ സംഭവം രാജ്യത്തെ ഞെട്ടിച്ചതായിരുന്നു.
ഈ കൂട്ടക്കൊലയില്‍ നരേന്ദ്രമോദി അടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന സകിയ ജാഫ്രിയുടെ ഹരജി തള്ളിക്കൊണ്ട് ഇപ്പോള്‍ വന്നിട്ടുള്ള സുപ്രീംകോടതി വിധി നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്.

നേരത്തേ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം മോദിക്കും കൂട്ടര്‍ക്കും നല്‍കിയ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് ശരിവച്ചുകൊണ്ടാണ് അത്യുന്നത നീതിപീഠത്തില്‍നിന്നും ഇപ്പോള്‍ വന്ന വിധി. ഇതേത്തുടര്‍ന്ന് സമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെത്തല്‍വാദിനെയും ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്‍.ബി.ശ്രീകുമാറിനെയും അറസ്റ്റു ചെയ്തത് മോദിയുടെയും സംഘത്തിന്റെയും പ്രതികാര നടപടിയുടെ ഭാഗമാണെന്നതില്‍ യാതൊരു സംശയവുമില്ല. മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജയ് ഭട്ട് നേരത്തേതന്നെ ഭരണകൂട പ്രതികാരത്തിന്റെ ഇരയായിരുന്നു.
അധികാര വര്‍ഗ്ഗത്തിന്റെ തെറ്റായ നടപടികളെ ചോദ്യം ചെയ്യുന്നവര്‍ക്ക് നീതിലഭിക്കുന്നതിനുപകരം കടുത്ത പീഡനം അനുഭവിക്കേണ്ടിവരുമെന്ന തെറ്റായ സന്ദേശമാണ് സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായിട്ടുള്ള ഈ അറസ്റ്റ്.

ഭരണഘടനാ തത്വങ്ങളെയും സാമാന്യ നീതിയെയും തകിടം മറിക്കുന്ന ഈ അറസ്റ്റ്റ്റുകള്‍ക്ക് യാതൊരു ന്യായീകരണവുമില്ല. അങ്ങേയറ്റം അപലപനീയവുമാണിത്. തെറ്റായ നടപടികള്‍ പിന്‍വലിച്ച് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഇപ്പോള്‍ അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ള ടീസ്റ്റ സെത്തല്‍വാദിനെയും ആര്‍.ബി.ശ്രീകുമാറിനെയും സ്വതന്ത്രരാക്കാന്‍ മോദിയും കൂട്ടരും തയ്യാറാകണം. ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളെ ചോദ്യം ചെയ്യുന്നവരെ അധികാരം ദുരുപയോഗപ്പെടുത്തി അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയ്്ക്കെതിരെ ശക്തമായ പ്രതികരണങ്ങളും പ്രതിഷേധ മുന്നേറ്റവും രാജ്യവ്യാപകമായി ഉയര്‍ന്നുവരേണ്ടിയിരിക്കുന്നെന്നും വി.എം.സുധീരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here