ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്'(Rocketry; The Nambi Effect). ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം, ഡല്‍ഹി സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നടന്‍ മാധവന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം.
സി.ബി.ഐ മുന്‍ ഡയറക്ടര്‍ ഡി.ആര്‍ കാര്‍ത്തികേയന്‍, സി.ബി.ഐ മുന്‍ ഐ.ജി പി.എം നായര്‍, കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ എന്നിവരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ചിത്രം പ്രേക്ഷക ഹൃദയങ്ങളെ സ്പര്‍ശിക്കുമെന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ നേട്ടങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച നമ്പി നാരായണന്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ക്ക് ഈ ചിത്രം ആദരവ് അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1994-ല്‍ ചാരവൃത്തി ആരോപിക്കപ്പെട്ട ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര സിനിമയാണ് റോക്കട്രി: ദി നമ്പി ഇഫക്റ്റ്. 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം നടന്നത്. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച സിനിമയുടെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളുടെ ഡബ്ബ് പതിപ്പുകളും റിലീസ് ചെയ്യും. ചിത്രം 2022 ജൂലൈ 1ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.