KSRTC:കാടിന്റെ ഭംഗി ആസ്വദിച്ച് ‘ജംഗിള്‍ സഫാരി’; കെഎസ്ആര്‍ടിസിക്ക് അരക്കോടി വരുമാനം

ഭൂതത്താന്‍കെട്ടിലെ ബോട്ടുയാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്‍, ലക്ഷ്മി എസ്റ്റേറ്റിലെ തേയിലഭംഗി, കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും… മലയോരനാടിന്റെ സൗന്ദര്യം തൊട്ടറിഞ്ഞ കെഎസ്ആര്‍ടിസിയുടെ ജംഗിള്‍ സഫാരിക്ക് സഞ്ചാരികളുടെ ഫുള്‍ മാര്‍ക്ക്. പരിചിതമല്ലാത്ത വഴിയിലൂടെയുള്ള മൂന്നാര്‍യാത്രയുടെ വിനോദസഞ്ചാര സാധ്യതകളാണ് ജംഗിള്‍ സഫാരി തുറന്നിടുന്നത്. 197 ട്രിപ്പുകളിലായി 9697 പേരാണ് കെഎസ്ആര്‍ടിസിയുടെ വനയാത്ര ആസ്വദിച്ചത്. 51,20,384 രൂപ വരുമാനം ലഭിച്ചു. ഇതുവരെ 45,200 കിലോമീറ്റര്‍ സഞ്ചരിച്ചു. ഏകദേശം 12,800 ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ചു. ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളുമെല്ലാം കഴിച്ച് 25,20,129 രൂപയാണ് മെയ്വരെയുള്ള ലാഭം.

ആറുമാസംകൊണ്ട് ‘സൂപ്പര്‍ ഹിറ്റ്’

നവംബര്‍ ഇരുപത്തെട്ടിനാണ് ജംഗിള്‍ സഫാരി കോതമംഗലം ഡിപ്പോയില്‍നിന്ന് ആരംഭിച്ചത്. കോതമംഗലത്തുനിന്ന് ബസില്‍ യാത്ര ചെയ്ത് ഭൂതത്താന്‍കെട്ടില്‍ എത്തുകയും അവിടെനിന്ന് ബോട്ടില്‍ കാനനഭംഗി ആസ്വദിച്ച് തട്ടേക്കാട്ടെത്തി അവിടെനിന്ന് വീണ്ടും കെഎസ്ആര്‍ടിസി ബസില്‍ യാത്ര തുടരും. കുട്ടമ്പുഴ, മാമലക്കണ്ടം മാങ്കുളം, ആനക്കുളം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പെരുമ്പന്‍കുത്തിനുസമീപം ഒരു റിസോര്‍ട്ടില്‍ ഉച്ചഭക്ഷണവും കഴിച്ച് ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്. ഒരു ബസായിരുന്നു തുടക്കത്തില്‍. യാത്രികര്‍ വര്‍ധിച്ചതോടെ ഏഴു ബസുകള്‍വരെയായി.

700 രൂപയ്ക്ക് കാട് ചുറ്റാം

ഒരാള്‍ക്ക് 550 രൂപയായിരുന്നു നിരക്ക്. ബോട്ടുയാത്രകൂടി ഉള്‍പ്പെടുത്തിയശേഷം 700 രൂപയാക്കി. ഭക്ഷണവും വൈകിട്ട് ചായയും ഉള്‍പ്പെട്ടതാണ് പാക്കേജ്. രാവിലെ എട്ടിന് കോതമംഗലത്തുനിന്ന് പുറപ്പെട്ട് രാത്രി പത്തോടെ തിരിച്ചെത്തും. മടക്കയാത്ര മൂന്നാര്‍- ആലുവ റോഡിലൂടെയാണ്. പക്ഷികളെയും മൃഗങ്ങളെയും കണ്ട് ബോട്ടില്‍ പെരിയാറിലൂടെ, കാടിനെ അടുത്തറിഞ്ഞ് മാമലക്കണ്ടം വനത്തിലൂടെ, തേയിലത്തോട്ടത്തിന്റെ വശ്യഭംഗി ആസ്വദിച്ച് ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ് ജംഗിള്‍ സഫാരി സമ്മാനിക്കുന്നത്. യാത്ര ചെയ്യാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഫോണ്‍: 94479 84511, 94465 25773.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here