Missile Strike; ഷോപ്പിംഗ് മാളിൽ റഷ്യൻ മിസൈൽ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു,അപലപിച്ച് ജി 7 രാജ്യങ്ങൾ

യുക്രെയ്നിലെ ക്രെമൻചുക് നഗരത്തിലെ ഷോപ്പിങ് മാളിൽ റഷ്യൻ മിസൈലാക്രമണം.ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോൾട്ടാവ ഗവർണർ ഡിമിട്രോ ലുനിൻ അറിയിച്ചു.

മിസൈൽ പതിക്കുമ്പോൾ ആയിരത്തിലേറെപ്പേർ മാളിനകത്തുണ്ടായിരുന്നു.കിഴക്കൻ യുക്രെയ്നിലെ റഷ്യയുടെ സൈനിക മുന്നേറ്റം തുടരുന്നു. ലുഹാൻസ്ക് പ്രവിശ്യയിലെ അവസാന നഗരമായ ലിസിഷാൻസ്കും റഷ്യ പിടിച്ചു. പടിഞ്ഞാറൻ മേഖലയിലെ സ്ളോവ്യാൻസ്ക് നഗരം ലക്ഷ്യമാക്കി അവർ ആക്രമണം തുടങ്ങി.

അതേസമയം, ഇരകളുടെ എണ്ണം സങ്കൽപ്പിക്കാൻ പോലും കഴിയില്ലയെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി പറഞ്ഞു. റഷ്യയിൽ നിന്ന് മാന്യതയും മനുഷ്യത്വവും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും സെലൻസ്കി വ്യക്തമാക്കി. യുക്രെയ്ൻ ഷോപ്പിംഗ് മാളിൽ റഷ്യൻ നടത്തിയ ആക്രമണത്തെ “മ്ലേച്ഛമായ ആക്രമണം” എന്ന് ജി 7 രാജ്യങ്ങളും അപലപിച്ചു.

അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നതിനാൽ അന്തിമ മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നത് വളരെ പെട്ടെന്നാണെന്നും ഡിമിട്രോ ലുനിൻ പറഞ്ഞു. റഷ്യൻ ആക്രമണത്തിന് കാരണമാകാവുന്ന ഒരു സൈനിക നടപടിയും യുക്രെയ്നിൽ സമീപത്തുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് സാധാരണക്കാർക്ക് നേരെയുള്ള തീവ്രവാദ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെത്തുടർന്ന് ഇതുകൂടാതെ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും 29 പേർക്ക് പ്രാഥമികശുശ്രൂഷ നൽകിയതായും ലുനിൻ ടെലഗ്രാമിലൂടെ അറിയിച്ചു.

എന്നാൽ ആക്രമണം യുക്രെയ്നിന്റെ പ്രകോപനം കാരണമാണെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി പോളിയാൻസ്‌കി തെളിവുകൾ വ്യക്തമാക്കാതെ ട്വിറ്ററിൽ കുറിച്ചു. “നാറ്റോ ഉച്ചകോടിക്ക് മുമ്പ് യുക്രെയ്ന് ശ്രദ്ധ ലഭിക്കേണ്ടത് കീവ് ഭരണകൂടത്തിന്റെ ആവശ്യമാണ്” എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ യുക്രെനിലെ മാളിനു നേരെയുണ്ടായ ആക്രമണത്തിന് പിറകെ റഷ്യൻ നടപടിയെ വിമർശിച്ച് കൂടുതൽ രാജ്യങ്ങൾ രം​ഗത്തെത്തി. നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള വകതിരിവില്ലാത്ത ഇത്തരം ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നും ജി 7 രാജ്യങ്ങൾ കുറ്റപ്പെടുത്തി.

യുഎൻ ചീഫ് അന്റോണിയോ ഗുട്ടെറസിന്റെ ഓഫീസ് ആക്രമണത്തെ “തികച്ചും അപലപനീയം” എന്നാണ് വിശേഷിപ്പിച്ചത്. ക്രെമെൻ‌ചുക്ക് ആക്രമണം പുടിന്റെ “ക്രൂരതയുടെയും പ്രാകൃതത്വത്തിന്റെയും ആഴം” പ്രകടമാക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആൽപ്‌സിലെ ജി 7 സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ക്രെമെൻ‌ചുക്ക് ആക്രമണം ചൂണ്ടിക്കാണിച്ച് യുക്രെയ്ൻ യുഎൻ രക്ഷാസമിതിയിൽ ഒരു മീറ്റിംഗിനായി അഭ്യർത്ഥിച്ചതായി നയതന്ത്രജ്ഞർ അറിയിച്ചു. എന്നാൽ ഇവിടെയും റഷ്യ വീറ്റോ അധികാരം പ്രയോഗിക്കുമെന്നു തന്നെയാണ് നയന്ത്രജ്ഞരുടെ വിലയിരുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here