പാലക്കാട് ജില്ലയില്‍ ഇടതുപക്ഷത്തെയും സിപിഐഎമ്മിനെയും ശക്തിപ്പെടുത്തിയ നേതാക്കളിലൊരാളാണ് ടി ശിവദാസ മേനോന്‍. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, സെക്രട്ടേറിയറ്റ് അംഗം തുടങ്ങിയ ചുമതലകളിലുണ്ടായിരുന്ന അദ്ദേഹം രണ്ടു തവണ മന്ത്രിയുമായി. കുറിക്കുകൊള്ളുന്ന നര്‍മംചേര്‍ത്ത പ്രസംഗങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവുകൂടിയാണ് അരങ്ങൊഴിയുന്നത്.
വള്ളുവനാട്ടിലെ സമ്പന്ന കുടുംബത്തില്‍ 1932-ലായിരുന്നു ശിവദാസ മേനോന്റെ ജനനം. വള്ളുവനാട്ടില്‍ അലയടിച്ച പുരോഗമന ചിന്തയും ജന്മിത്വ വിരുദ്ധപോരാട്ടങ്ങളും ശിവദാസ മേനോന്റെ ബാല്യം കീഴടക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളേജില്‍നിന്നു ബിഎഡും കഴിഞ്ഞ് മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചതോടെ അധ്യാപക സംഘടനകളുടെ സാരഥ്യം വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ശിവദാസമേനോന്‍ സിപിഐഎമ്മില്‍ ഉറച്ചുനിന്നു.
മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടെ സെക്രട്ടറിയായി. 1980-ല്‍ പാലക്കാട് ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി, സെക്രയേറ്റ് അംഗം ചുമതലകളില്‍ പ്രവര്‍ത്തിച്ചു. 1961-ല്‍ മണ്ണാര്‍ക്കാട് പഞ്ചായത്തിലേക്ക് സ്വന്തം അമ്മാവനെതിരേ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചായിരുന്നു പാര്‍ലമെന്ററി രംഗത്തേക്കു വന്നത്. 1977, 1980, 1984 വര്‍ഷങ്ങളില്‍ ലോക് സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1987-ല്‍ മലമ്പുഴയില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തി. നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായി. 1991, 1996 തിരഞ്ഞെടുപ്പിലും മലമ്പുഴയില്‍നിന്നുതന്നെ നിയമസഭയിലെത്തിയ ശിവദാസ മേനോന്‍ 1996-ലെ മന്ത്രി സഭയില്‍ ധനകാര്യഎക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തു.
മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരേ ആന്റണി സര്‍ക്കാര്‍ നടത്തിയ നരനായാട്ടിനെതിരേ സമരത്തിനിടയില്‍ പോലിസ് മര്‍ദ്ദനത്തിരയായി. രോഗശയ്യയിലായപ്പോഴും ഇടതുപക്ഷത്തിന്റെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ശിവദാസമേനോന്റെ വിയോഗം നികത്താനാവാത്ത നഷ്ടമായി തുടരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.