MB Rajesh; നിയമസഭയിൽ മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണമില്ലെന്ന് സ്പീക്കർ; റൂളിംഗ് പുറത്തിറക്കി

സഭയിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് ആവർത്തിച്ച് സ്‌പീക്കർ എം ബി രാജേഷ്.മാന്ദ്യമങ്ങളെ ഒരിക്കലും വിലക്കിയിട്ടില്ല. ഇതുമായിബന്ധപ്പെട്ട് കേരള നിയമസഭയില്‍ ഇന്ന് (28.06.2022) ബഹു. സ്പീക്കര്‍ ശ്രീ. എം.ബി. രാജേഷ് നല്‍കിയ റൂളിംഗ് ഇങ്ങനെ….

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമസഭയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി,
സഭാ നടപടികളുടെ പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തില്ല, സഭയ്ക്കുള്ളില്‍നിന്നും വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തു നല്‍കിയത് എന്നീ കാര്യങ്ങളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംബന്ധിച്ച റൂളിംഗ്.

ഇന്നലെ 2022ജൂണ്‍ 27-ാം തീയതി തിങ്കളാഴ്ച സഭാ സമ്മേളനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചില പൊതുവായ പരാതികളിന്മേല്‍ ഒരു വിശദീകരണം സഭാതലത്തില്‍ത്തന്നെ നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് ചെയര്‍ കരുതുകയാണ്.

കഴിഞ്ഞ ദിവസം സഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കിയിരിക്കുന്നു എന്ന തരത്തിലുള്ള തെറ്റായ ഒരു വാര്‍ത്ത ആസൂത്രിതമായി ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ചെയര്‍ ഇക്കാര്യത്തില്‍ വിശദമായ ഒരു അന്വേഷണം നടത്തുകയുണ്ടായി. സമീപകാലത്ത് നിയമസഭാ പരിസരത്തേക്കുള്ള പ്രവേശനം സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍, സഭാ മന്ദിരത്തില്‍ പ്രവേശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരുടേയും പാസ്സ് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിലപാട് സ്വീകരിച്ചതിന്റേയും ബഹുമാനപ്പെട്ട മന്ത്രിമാരുടേയും ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന്റേയും ഓഫീസുകളിലേക്കുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനത്തിന്റെ കാര്യത്തില്‍ സംഭവിച്ച ചില ഇടപെടലുകളുടേയും ഫലമായിട്ടാണ് ഇത്തരത്തില്‍ പെരുപ്പിച്ച നിലയില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായത് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

നിയമസഭാ മന്ദിരത്തിലെ മീഡിയാ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ വീഡിയോ ചിത്രീകരണത്തിന് നിബന്ധനകളോടെ മാത്രമേ നേരത്തേയും അനുമതി നല്‍കാറുള്ളൂ എന്നതാണ് വസ്തുത. ഈ വസ്തുത തമസ്കരിച്ചായിരുന്നു ഇന്നലത്തെ മാധ്യമവാര്‍ത്തകള്‍. വീഡിയോ ക്യാമറ കൂടാതെയും അംഗീകൃത പ്രസ് പാസ്സ് പ്രദര്‍ശിപ്പിച്ചുകൊണ്ടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമസഭാ മന്ദിരത്തിനുള്ളിലെ ഏതൊരു ഭാഗത്തേക്കും പ്രവേശിക്കുന്നതിന് നിലവില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അറിയിക്കുന്നു.

അഞ്ചാം സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച സഭാ ടി.വി. വഴി സംപ്രേഷണം ചെയ്ത നിയമസഭാ നടപടികളില്‍നിന്നും പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കി എന്ന നിലയില്‍ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പുറമെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ശ്രീ. പി.സി. വിഷ്ണുനാഥ് പ്രത്യേക പരാതിയും ചെയറിനു നല്‍കിയിരുന്നു. ഇക്കാര്യവും ചെയര്‍ വിശദമായി പരിശോധിക്കുകയുണ്ടായി.

സഭാ നടപടികള്‍ ടെലികാസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് നമ്മുടെ സഭയില്‍ ആദ്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത് 2002-ല്‍ ആണ്. “Instructions on Broadcasting and Telecasting of Governor’s Address and Assembly Proceedings” എന്ന രേഖ പ്രകാരം സഭാനടപടികള്‍ അനുസരിച്ച് ആര്‍ക്കാണോ സംസാരിക്കുവാന്‍ അവസരം ലഭ്യമായിരിക്കുന്നത് അവരുടെ ദൃശ്യങ്ങള്‍ മാത്രമേ ആ ആവസരത്തില്‍ ടെലികാസ്റ്റ് ചെയ്യാന്‍ പാടുള്ളൂ. ഇവിടെ പരാമര്‍ശവിധേയമായ ഇന്നലത്തെ ചോദ്യോത്തരവേളയിലേക്ക് കടന്നപ്പോള്‍ ശ്രീ. എം. മുകേഷിന്റെ ചോദ്യത്തിന് മറുപടി നല്‍കാന്‍ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്സൈസ് വകുപ്പുമന്ത്രിയെ ക്ഷണിക്കുകയും അദ്ദേഹം മറുപടി പറയാന്‍ എഴുന്നേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ മാത്രം സംപ്രേഷണം ചെയ്തത്.

പ്രതിപക്ഷ നിരയില്‍ പ്രതിഷേധത്തിന്റെ ഭാഗമായിട്ടുള്ള ക്രമമില്ലായ്മ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ആ ദൃശ്യങ്ങളൊന്നും ടെലികാസ്റ്റ് ചെയ്യാതിരുന്നത്. ഭരണപക്ഷത്തുനിന്നുള്ള പ്രതിഷേധ ദൃശ്യങ്ങളും സംപ്രേഷണം ചെയ്തിരുന്നില്ല എന്ന വസ്തുതയും വിസ്മരിച്ചുകൂടാ. ഏത് പക്ഷം എന്നു നോക്കിയല്ല, സഭാനടപടികളനുസരിച്ചാണ് സംപ്രേഷണം. ഇത് തികച്ചും 2002 –ലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ഭാഗമായിട്ടു കൂടിയാണ്. പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ഖണ്ഡിക 15, 19 എന്നിവ താഴെപറയും പ്രകാരമാണ്.

15. On occasions of disorder or unparliamentary behavior, the cameras shall focus on the Speaker until orders has been restored.

19. The proceedings of the Assembly shall be fairly and accurately reported so as to project the dignity of the House and its function as a working body rather than a place of establishment.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഖണ്ഡിക 20, 21 എന്നിവയായി താഴെപ്പറയും പ്രകാരവും വ്യവസ്ഥകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. സഭാ ദൃശ്യങ്ങള്‍ വളരെ വ്യാപകമായി ദുര്‍വിനിയോഗം ചെയ്ത് ചില മുതിര്‍ന്ന അംഗങ്ങളുടെ അനാരോഗ്യവും അവശതയുംമൂലമുള്ള ബുദ്ധിമുട്ടുകളെപ്പോലും ക്രൂരമായി പരിഹസിക്കുന്ന പരിപാടികള്‍ മുഖ്യധാരാ ചാനലുകളില്‍ കാണിച്ചതായും സാമൂഹിക മാധ്യമങ്ങളിലും അത് വ്യാപകമായി ഉപയോഗിക്കുന്നതായും പൊതുജനമധ്യത്തില്‍ അവഹേളിക്കുന്നതായും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ നിരവധി അംഗങ്ങള്‍ ചെയറിനോട് പരാതിപ്പെട്ടിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ താഴെപ്പറയുന്ന ഖണ്ഡികകള്‍ ഏറെ പ്രസക്തമാണെന്ന് ചെയര്‍ കരുതുകയാണ്.

20. The recordings shall not be used for satire or ridicule.

21. The recordings shall not be utilized for advertisements, election campaign or commercial purposes.

ഈ സാഹചര്യവും സഭാ ടി.വി. വഴിയുള്ള സംപ്രേഷണം അനിവാര്യമാക്കുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ Occasional group shots may be taken either for the purpose of showing the reaction of a group of members or in order to establish the geography of a particular part of the Chamber എന്ന് ഖണ്ഡിക 10 ല്‍ പരാമര്‍ശിച്ചിട്ടുള്ള സാഹചര്യത്തില്‍ അത്തരം wide angle shot കള്‍ കൂടി കാണിക്കുന്ന നിലവിലെ രീതി ഭാവിയിലും തുടരുന്നതാണെന്നുകൂടി ഇത്തരുണത്തില്‍ അറിയിക്കുന്നു.

ഏറ്റവും ഒടുവിലായി, Breach of Violation of any of the conditions mentioned above would involve action under the relevant provisions relating to breach of agreement misconduct or breach of privilege of the House എന്ന് ഖണ്ഡിക 24 ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട് എന്ന കാര്യവും പ്രത്യേകമായി ചൂണ്ടിക്കാണിക്കുവാന്‍ ചെയര്‍ ആഗ്രഹിക്കുകയാണ്.
സഭാ നടപടികളുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് എല്ലാപേര്‍ക്കും ഒരുപോലെ ബാധകമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ അപാകത ഉണ്ടായിട്ടുള്ളതായ ആക്ഷേപം വസ്തുതാപരമല്ലെന്ന് ബഹു. അംഗങ്ങളെ അറിയിക്കുകയാണ്.

അതോടൊപ്പം ബഹുമാനപ്പെട്ട മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പുമന്ത്രി ശ്രീ. സജി ചെറിയാന്‍, ചെയറിനു നല്‍കിയ കത്തില്‍ അഞ്ചാം സമ്മേളനത്തിന്റെ ആദ്യ ദിവസം അസാധാരണമായ നടപടികള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചതെന്നും സഭയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കുവാന്‍ ബാധ്യതപ്പെട്ട പ്രതിപക്ഷ സാമാജികര്‍ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് സഭാതലത്തില്‍ സ്വീകരിച്ചതെന്നും അറിയിച്ചിരുന്നു. നിയമസഭയ്ക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പെരുമാറ്റചട്ടങ്ങളുടെ ചട്ടം 4(xx) ന്റെ ലംഘനമാണെന്നിരിക്കേ ചില അംഗങ്ങള്‍ അപ്രകാരം ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തെ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തത് മൂലം സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ക്കെതിരെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ചെയര്‍ ഇക്കാര്യവും വിശദമായി പരിശോധിക്കുകയുണ്ടായി.

സഭാംഗങ്ങളുടെ ഭാഗത്തുനിന്നു മാത്രമല്ല മീഡിയാ ഗാലറിയിലിരുന്ന ചില മാധ്യമ പ്രവര്‍ത്തകരും ഇത്തരത്തില്‍ മൊബൈല്‍ ഫോണിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതായിട്ടാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതു രണ്ടും ചെയ്തതായി ഇന്ന് ചില വാര്‍ത്താമാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇത് അതീവ ഗൗരവമുള്ള നടപടിയായിട്ടാണ് ചെയര്‍ കാണുന്നത്.

ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണെങ്കില്‍ക്കൂടി സഭാ ഹാളിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തി, അതു സഭ സമ്മേളിക്കുമ്പോഴാണെങ്കിലും അല്ലെങ്കിലും, ദൃശ്യമാധ്യമങ്ങള്‍ക്കു നല്‍കുന്നത് സഭയോടുള്ള അവഹേളനമായി കാണേണ്ടതുതന്നെയാണ്. അതുപോലെ മാധ്യമ പ്രവര്‍ത്തകര്‍ കൂടി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നത് അങ്ങേയറ്റം അപലപനീയമായ ഒരു കാര്യമായി കാണുകയാണ്. മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഈ വിധത്തില്‍ ഒരു വശത്ത് ദുരുപയോഗിക്കുകയും മറുവശത്ത് സഭാ ചട്ട പ്രകാരമുള്ള നടപടികളെ വിലക്കായി ചിത്രീകരിക്കുകയും ചെയ്യുന്നത് സത്യാനന്തര പ്രചരണ രീതിയാണ്. മാധ്യമ സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതാണ്.

ഭാവിയില്‍ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ നടപടികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അവര്‍ക്കെതിരേ അവകാശലംഘനത്തിനുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുന്നതാണെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.മാധ്യമങ്ങള്‍ അവരുടെ സ്വതന്ത്ര്യം ഉത്തരവാദിത്തത്തോടെയും നീതിപൂര്‍വ്വകമായും വിനിയോഗിക്കുന്നതിന് ഒരു തടസ്സവും കേരളനിയമസഭയില്‍ ഉണ്ടായിരിക്കില്ല. ജനാധിപത്യപരമായ സംവാദങ്ങള്‍ക്കു വേദിയാകേണ്ട സഭാതലവും അതിനായി വിനിയോഗിക്കപ്പെടേണ്ട വിലയേറിയ സമയവും വേണ്ടവിധം വിനിയോഗിക്കാന്‍ അംഗങ്ങളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള എല്ലാവരുടേയും പിന്തുണ ചെയര്‍ പ്രതീക്ഷിക്കുകയാണ്.

അതേസമയം, നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം സഭയില്‍ ഗുരുതര ചട്ടലംഘനം ഉണ്ടായെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിയമസഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്നുമായിരുന്നു പരാതി. സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയതിനെതിരേയും നടപടി ആവശ്യപ്പെട്ടാണ് മന്ത്രി പരാതി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here