Pinarayi Vijayan: സ്വപ്‌നയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന്റെ വേദ വാക്യം: മുഖ്യമന്ത്രി

സ്വപ്‌നയുടെ(Swapna) വാക്കുകളാണ് പ്രതിപക്ഷത്തിന്റെ വേദ വാക്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സ്വപ്നയെ സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുകയാണ്. മൊഴി തിരുത്തിയാല്‍ മാത്രം തീരുന്നതല്ല സ്വര്‍ണക്കടത്ത് കേസ്. ഒരു തെളിവുമില്ലാത്ത വിഷയത്തില്‍ രഹസ്യമൊഴി കൊടുത്തിരിക്കുന്നു എന്ന വാദവുമായാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീ വരുന്നത്. രഹസ്യമൊഴിയില്‍ എന്ത് ഉണ്ടെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. ഇടനിലക്കാര്‍ എന്ന് പറയുന്നത് കെട്ട് കഥ മാത്രം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഗൗരവമുള്ള കാര്യം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ രണ്ട് പേരും സഭയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ കേസില്‍ കമ്മീഷനെ നിയോഗിച്ചത് ഉമ്മന്‍ചാണ്ടി തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) പ്രതിപക്ഷത്തിനോടുള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കമ്മീഷന്‍ കേസില്‍ കുറ്റങ്ങള്‍ കണ്ടെത്തി ശുപാര്‍ശ നല്‍കിയിരുന്നു. ആ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ഒത്തുകളി ആണെന്ന് ആരോപണമുന്നയിച്ച സ്ത്രീ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം നടത്തുന്നത് നുണകളുടെ നയാഗ്രാ വെള്ളച്ചചാട്ടം: കെ ടി ജലീല്‍

പ്രതിപക്ഷം നടത്തുന്നത് നുണകളുടെ നയാഗ്രാ വെള്ളച്ചചാട്ടമെന്ന് കെ ടി ജലീല്‍(K T Jaleel) നിയമസഭയില്‍. കേരള ചരിത്രത്തില്‍ ഒരു ഫുള്‍ ടേം സര്‍ക്കാരിന് ശേഷം വീണ്ടും അധികാരത്തില്‍ വന്ന ഒരേയൊരു ഗവണ്‍മെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേതാണ്. ഒരേയൊരു മുഖ്യമന്ത്രി പിണറായി വിജയനാണ്(Pinarayi Vijayan). ആ നായകനെ യുഡിഎഫും(UDF) ബിജെപിയും(BJP) ഭയപ്പെടുന്നു. ഈ ജനനായകനെ അമ്പെയ്ത് വീഴ്ത്താന്‍ ആവനാഴിയിലെ അവസാന അസ്ത്രവും അവര്‍ പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്. കെട്ടുകഥകള്‍ ഓരോന്നായി അവര്‍ കൊണ്ടുവരികയാണ്. യുഡിഎഫും ബിജെപിയും കേരളത്തെ കലാപക്കളമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിരിയാണിച്ചെമ്പിന്റെയുള്ളില്‍ സ്വര്‍ണം കടത്തിയ നുണക്കഥയുടെ പടക്കം പൊട്ടിച്ചാണ് ഇപ്പോള്‍ യുഡിഎഫും ബിജെപിയും സമരരണാങ്കണത്തില്‍ ഇറങ്ങിയിരിക്കുന്നത്. ആ സമരം ഇന്നത്തേതോടു കൂടെ അവസാനിപ്പിക്കേണ്ടി വരുമെന്നും കെ ടി ജലീല്‍ പറഞ്ഞു. ബിജെപി കോണ്‍ഗ്രസിനെ നിശബ്ദമാക്കുകയാണ്. ഇന്ത്യയില്‍ ഒരു ഇടതുപക്ഷ നേതാവിനെയും ഇഡി അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഒരു ഇടതുപക്ഷ നേതാവിനും അവിഹിത സമ്പാദ്യത്തിന്റെ പേരില്‍ ഒരു രൂപയുടെ പിഴ കൊടുക്കേണ്ടി വന്നിട്ടില്ലെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel