ശിവദാസ മേനോന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടം: എ വിജയരാഘവന്‍

ധീരനായ പോരാളിയും മികച്ച ഭരണാധികാരിയുമായിരുന്ന പ്രിയപ്പെട്ട ശിവദാസ മേനോന്റെ നിര്യാണത്തില്‍ അതിയായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍.

കുറിപ്പ്

ധീരനായ പോരാളിയും മികച്ച ഭരണാധികാരിയുമായിരുന്ന പ്രിയപ്പെട്ട ശിവദാസ മേനോന്റെ നിര്യാണത്തില്‍ അതിയായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാകാലത്തും ആത്മവിശ്വാസം പകര്‍ന്നു നല്‍കി മുന്നോട്ട് കൊണ്ടുപോകുന്ന നേതാവായിരുന്നു അദ്ദേഹം. ആശയ സമരങ്ങളിലെ സിപിഐ എം ന്റെ നയം വ്യക്തതയോടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്നും മുന്നില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്.

ഒരു സമ്പന്നകുടുംബത്തില്‍ പിറന്ന അദ്ദേഹം സമ്പന്നതയുടെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ചാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറിയത്. വള്ളുവനാട്ടിലാകെ അലയടിച്ച പുരോഗമനചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായ ശിവദാസമേനോന്‍ ജന്മിത്തത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ എന്നും മുന്നില്‍ തന്നെ ഉണ്ടായിരുന്നു.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാര്‍ക്കാട്ടും പരിസരപ്രദേശങ്ങളിലും പാര്‍ടി കെട്ടിപ്പടുക്കാനും അധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും പാര്‍ടി നിയോഗിച്ചു. അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന ശിവദാസമേനോന്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മില്‍ ഉറച്ചുനിന്നു. സിപിഐ എം മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. തുടര്‍ന്ന് പാര്‍ടി ജില്ലാ കമ്മിറ്റിയംഗമായി. 1980ല്‍ ജില്ലാ സെക്രട്ടറിയുമായി. പിന്നീട് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായും പ്രവൃത്തിച്ച ആദ്ദേഹം പാര്‍ട്ടിയിലേക്ക് പുതിയ കേഡര്‍മാരെ കൊണ്ടു വരുന്നതില്‍ എന്നും പ്രത്യേക ശ്രദ്ധ ചെലുത്തിയിന്നു. ശിവദാസ മേനോന്റെ പ്രസംഗം കേള്‍ക്കാനായി ദൂര ദേശത്ത് നിന്ന് പോലും സാധാരണക്കാര്‍ എത്തുമായിരുന്നു. വള്ളുവനാടന്‍-മാപ്പിള മലയാളവും സംസ്‌കൃതവുംമുതല്‍ സംഗീതവും ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷുംവരെ കലര്‍ത്തിയുള്ള ആകര്‍ഷകമായ അദ്ദേഹത്തിന്റെ പ്രസംഗം പ്രസിദ്ധമാണ്. മുത്തങ്ങാ സമരത്തില്‍ ആദിവാസികള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പാലക്കാട് എസ്പി ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാര്‍ച്ചില്‍ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ടു മര്‍ദ്ദിച്ചു. തല തല്ലിപ്പൊളിച്ചു, കാല്‍മുട്ടുകള്‍ക്കും ക്ഷതമേറ്റു. ശിവദാസമേനോനെ പൊതിഞ്ഞുകിടന്നാണ് സഖാക്കള്‍ അന്ന് അദ്ദേഹത്തെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിച്ചത്. അടിയേറ്റുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പൊലീസ് തയ്യാറായില്ല. കടലവില്‍പ്പനക്കാരന്റെ ഉന്തുവണ്ടിയിലാണ് പാര്‍ടി പ്രവര്‍ത്തകര്‍ മൃതപ്രായനായ ശിവദാസ മേനോനെ അന്ന് ആശുപത്രിയിലെത്തിച്ചത്. 1987ല്‍ മലമ്പുഴ അസംബ്ലിമണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ആദ്യ ട്ടെമില്‍ തന്നെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി ഗ്രാമവികസന വകുപ്പ് മന്ത്രിയായി. മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. 1996 മുതല്‍ 2001വരെ ധനകാര്യ-എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന കാലത്തും അദ്ദേഹത്തിന്റെ ഭരണ മികവ് കേരളം കണ്ടതാണ്.

പാര്‍ടി പ്രവര്‍ത്തനത്തിലും ഭരണരംഗത്തും ഒരുപോലെ മികവ് തെളിയിച്ച ഒരു കമ്മ്യൂണിസ്റ്റിനെയാണ് സഖാവ് ടി ശിവദാസമേനോന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അന്ത്യാഭിവാദ്യങ്ങള്‍ പ്രിയ സഖാവേ.

എ വിജയരാഘവന്‍
സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News