UN: മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ ആശങ്ക അറിയിച്ച് യു എന്‍

അള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ പ്രതികരണം. യാതൊരു ഉപദ്രവ ഭീഷണിയുമില്ലാതെ സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് 2018 ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലൊന്നിനെ ബന്ധിപ്പിച്ചാണ് ഫാക്റ്റ് ചെക്ക് വെബ്സൈറ്റ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ലോകമെമ്പാടും ഏത് സ്ഥലത്തും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ ആളുകളെ അനുവദിക്കേണ്ടത് വളരെ പ്രധാനമാണ്. മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്രമായും ആരുടെയും ഭീഷണിയില്ലാതെയും അഭിപ്രായപ്രകടനത്തിന് അനുവദിക്കണമെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക് പറഞ്ഞു. സുബൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഒരു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ദുജാറികിന്റെ പ്രതികരണം.

‘മാധ്യമപ്രവര്‍ത്തകര്‍ അവര്‍ എഴുതുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും പറയുന്നതിന്റെയും പേരില്‍ ജയിലില്‍ അടയ്ക്കപ്പെടരുത്. അത് ഈ മുറിയിലുള്‍പ്പെടെ ലോകത്തെവിടെയും ബാധകമാണ്’ എന്നു ദുജാറിക് പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റിലും തടങ്കലിലും യുഎന്‍ മനുഷ്യാവകാശ ഏജന്‍സി ആശങ്ക പ്രകടിപ്പിച്ചു. അവരെ ഉടന്‍ മോചിപ്പിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

2002 ലെ ഗുജറാത്ത് കലാപത്തില്‍ ‘ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, കോടതിയില്‍ തെറ്റായ തെളിവുകള്‍ നിരത്തല്‍’ എന്നീ കുറ്റങ്ങള്‍ ചുമത്തി ഗുജറാത്ത് അധികൃതര്‍ ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു സുബൈറിന്റെ അറസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel