‘മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍, ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടി എന്ന് തിരിച്ചും മറിച്ചും പറയുന്നത് പോലെ’; വീണക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആരോപണം തളളി പൊതുമരാമത്ത് മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസ്. 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രചരിപ്പിച്ചതാണ് ഈ ആരോപണം. ഇത്തരം പ്രചരണങ്ങള്‍ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് അന്ന് ലഭിച്ചതെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍…ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടി ഇക്കാര്യം തിരിച്ചും മറിച്ചും പറയുന്നത് പോലെയാണ് ഓരോ കാര്യങ്ങളും. ഓൾഡ് വീഞ്ഞ്  ഇൻ ന്യൂ കുപ്പിയാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു

അച്ചടി ഭാഷയില്‍ ശുദ്ധ അസംബന്ധം പറയാന്‍ നല്ല മികവുള്ള ആളാണ് മാത്യു കുഴല്‍നാടന്‍: എ എ റഹീം MP

വീണാ വിജയനെതിരെ സഭയില്‍ പച്ചക്കള്ളം ഉന്നയിച്ച മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് എ എ റഹീം എം പി. നല്ല അച്ചടി ഭാഷയില്‍ ശുദ്ധ അസംബന്ധം പറയാന്‍ നല്ല മികവുള്ള ആളാണ് (Mathew Kuzhalnadan)മാത്യുവെന്ന് എ എ റഹീം എം പി ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍പ് ഒരു ചര്‍ച്ചയിലും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ താന്‍ ഇത് സൂചിപ്പിച്ചിരുന്നുവെന്നും എ എ റഹീം എം പി(A A Rahim MP) പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

മാത്യു അങ്ങനെയൊക്കെയാണ്.
നല്ല അച്ചടി ഭാഷയില്‍ ശുദ്ധ അസംബന്ധം പറയാന്‍ നല്ല മികവുള്ള ആളാണ്.ഇത് മുന്‍പ് ഒരു ചര്‍ച്ചയിലും ഞാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ സൂചിപ്പിച്ചിരുന്നു.
ഇന്ന്,മാത്യു കുഴല്‍നാടന്‍ നിയമസഭ സഭയില്‍ വിചിത്രമായ ഒരാരോപണം ഉന്നയിക്കുന്നത് കേട്ടു. ‘ ജെയിക്ക് ബാലകുമാര്‍ എന്നു പറയുന്ന പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് ഡയറക്ടര്‍ അങ്ങയുടെ മകളുടെ മെന്ററെ പോലെയാണെന്ന് മകള്‍ പറഞ്ഞ കാര്യം അങ്ങേയ്ക്ക് നിഷേധിക്കാന്‍ കഴിയുമോ?’
മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞു: ‘അത്തരത്തിലുള്ള ഒരു വ്യക്തിയെയും എന്റെ മകളുടെ മെന്ററായിട്ട് ആ മകള്‍ ഒരിക്കലും പറഞ്ഞിട്ടില്ല’
മാത്യു കുഴല്‍നാടന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞത്, കഴിഞ്ഞ വര്‍ഷം വളരെ മോശമായി ഉന്നയിക്കപ്പെട്ട ഒരു ആരോപണത്തിനെ മറ്റൊരു ദുരരോപണമായി ഉന്നയിക്കാനുള്ള ശ്രമമാണ്.
പച്ചക്കള്ളമാണ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചത്.
കഴിഞ്ഞ തവണ ഇത് ഉന്നയിച്ചപ്പോള്‍ അതിന്റെ മുന അന്ന് തന്നെ ഓടിയുകയും മറ്റാരും ഏറ്റെടുക്കുകയും ചെയ്തില്ല.
അതേ അസംബന്ധം,ഞാന്‍ ആദ്യം സൂചിപ്പിച്ച അച്ചടി ഭാഷയില്‍ ഇന്ന് ആവര്‍ത്തിക്കുകയാണ് കുഴല്‍ നാടന്‍ ചെയ്തത്.
തന്റെ മെന്റര്‍ ആണ് ജെയ്ക്ക് എന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ പറഞ്ഞു എന്നാണ് ഇന്ന് മാത്യു ഉന്നയിച്ചത്. ഒരിക്കല്‍ പോലും വീണ അങ്ങനെ പറഞ്ഞിട്ടില്ല.

പറയാത്ത കാര്യങ്ങള്‍,’മുഖ്യമന്ത്രിയുടെ മകള്‍ പറഞ്ഞു’എന്ന് കള്ളം പറഞ്ഞു നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീച ശ്രമമാണ് അദ്ദേഹം ഇന്ന് സഭയില്‍ നടത്തിയത്.
യതാര്‍ത്ഥത്തില്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റുമാരില്‍ ഒരാളായി പേര് കൊടുത്തത് ഈ ജെയ്ക്ക് ബാലാകുമാരിന്റേത് കൂടിയായിരുന്നു. വീണയുടെ കൂടെ ജോലി ചെയ്യുന്ന വ്യക്തിയുടെ കസിന്‍ ബ്രദറായ ജൈക്കിനെ എക്‌സാലോജിക് സൊലൂഷന്‍സിന്റെ കണ്‍സള്‍ട്ടന്റായി വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് ഐടി രംഗത്ത് സാധാരണ എല്ലാവരും ചെയ്യുന്ന കാര്യവുമാണ്.
ഏഷ്യാനെറ്റ് ന്യൂസില്‍ കുടുംബസമേതമുള്ള ഒരു ഇന്റര്‍വ്യൂവില്‍ വീണ ഇതേക്കുറിച്ച് വ്യക്തമായി പ്രതികരിക്കുന്നുണ്ട്. ജൈക് ബാലകുമാര്‍ തന്റെ മെന്ററാണെന്ന് വീണ ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല. എക്‌സലോജിക്കിന്റെ കണ്‍സല്‍റ്റന്റായി ജൈക്കിന്റെ പേര് വെബ്‌സൈറ്റില്‍ കൊടുത്തുവെന്ന് മാത്രം. കൂടെ ജോലി ചെയ്യുന്ന വ്യക്തിയുമായുള്ള ബന്ധുത്വം കൊണ്ടുമാത്രം ചെയ്തകാര്യമാണ് അത്. പിന്നീട് വിവാദങ്ങള്‍ക്ക് ശേഷം ജൈക്ക് ആവശ്യപ്പെട്ടതനുസരിച്ച് പേര് നീക്കം ചെയ്തുവെന്നും വീണ ഏഷ്യാനെറ്റിനോട് പറയുന്നുണ്ട്.
ലോകത്താകെ 742 ഇടങ്ങളിലായി മൊത്തം 157 രാജ്യങ്ങളില്‍ PwC പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ
19,447 ഡയരക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞ ജൈക് ബാലകുമാര്‍. PwC യുടെ നയപരമായ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനുള്ള പദവിയോ അധികാരമോ ഒന്നും തന്നെ ജൈക്കിനില്ല.മാത്രവുമല്ല, കമ്പനിയുടെ ഇന്ത്യയിലെ പോയിട്ട് ഏഷ്യാ വന്‍കരയിലെ ഒരു പ്രോജക്റ്റും ജൈക് ഇതുവരെയും ഏറ്റെടുത്തില്ല.
വീണ വഴി സ്വാധീനം ചെലുത്തിയിട്ടാണ് സ്വപ്നയ്ക്ക് ഐടി വകുപ്പില്‍ PwC യുമായി ബന്ധമുള്ള സ്ഥാപനത്തില്‍ കരാര്‍ ജോലി കിട്ടിയത് എന്നത് ഏതായാലും വല്ലാത്ത കണ്ടുപിടുത്തം തന്നെയാണ്.
പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് മാത്യു കുഴല്‍നാടന്‍ ചെയ്യുന്നത്. സ്വപ്നയുടെ ജോലി വീണ ഇടപെട്ടുലഭിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം.
പക്ഷെ, അവിടെയും തിരക്കഥ പോരാ. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സ്വപ്ന സുരേഷ് ഒരിക്കലും ഐടി വകുപ്പ് ജീവനക്കാരിയായിരുന്നില്ല.
കേരള ഐടി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിന്റെ സ്പേസ് പാര്‍ക് പ്രോജക്റ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെയാണ് കണ്‍സള്‍ട്ടന്റായി നിയമിച്ചിരുന്നത്.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ സഹകരാര്‍ കൊടുത്ത കമ്പനിയാണ് വിഷന്‍ ടെക്. ഈ വിഷന്‍ ടെക്കിലെ കോണ്‍ട്രാക്ട് ജീവനക്കാരിയായിരുന്നു സ്വപ്ന. വിഷന്‍ ടെക്കിലെ സ്വപ്നയുടെ കരാര്‍ നിയമനത്തിന് പുറകില്‍ PwC യിലെ അനേകം ഡയരക്ടര്‍മാരില്‍ ഒരാളായ ജൈക് ബാലകുമാറിന്റെ സ്വാധീനമാണെന്നതൊക്കെ അസാധ്യമായ കോണ്‍സ്പിരസി തിയറിയാണെന്നേ പറയാന്‍ കഴിയൂ.
തുടക്കത്തില്‍ പറഞ്ഞപോലെ,മാത്യു പണ്ടേ തന്നെ മുനയൊടിഞ്ഞുപോയ അസംബന്ധങ്ങള്‍,കളവുകള്‍ നല്ല താളത്തില്‍ പറയാന്‍ ശ്രമിക്കുന്നു എന്ന് മാത്രം.ഇങ്ങനെ കല്ലെറിഞ്ഞാല്‍ തകര്‍ന്ന് പോകുന്നതാണ് മുഖ്യമന്ത്രിയെന്ന് കരുതരുത്.
മകളും കുടുംബാംഗങ്ങളും വേട്ടയാടപ്പെടുമ്പോള്‍ ഭരണത്തലവന്‍ തളര്‍ന്നപോകുമെന്ന് കരുതരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News