Amma: അമ്മ ഇടവേള ബാബുവിന്റെ സ്വത്തല്ല; ആരെ രക്ഷിക്കാനാണ് അമ്മ ശ്രമിക്കുന്നത്? ആഞ്ഞടിച്ച് ഗണേഷ് കുമാര്‍

നടന്‍ ഇടവേള ബാബുവിനെതിരെ ആഞ്ഞടിച്ച് നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാര്‍.  താരസംഘടനയായ ‘അമ്മ’ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാ‍മർശത്തെച്ചൊല്ലിയുണ്ടായ വാദപ്രതിവാദത്തിൽ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയതായിരുന്നു കെ.ബി. ഗണേഷ് കുമാർ.

‘‘അതിജീവിത ഉന്നയിച്ച കാര്യങ്ങൾക്കു മറുപടി പറയുകയാണു വേണ്ടത്. വിജയ് ബാബുവിന്റെ കേസ് പോലെയല്ല ബിനീഷ് കോടിയേരിയുടെ കേസ്. അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്.

ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീ‍ഡിയ നോക്കിയാണെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. ക്ലബിന്റെ ഇംഗ്ലിഷ് അർഥമല്ല ചോദിച്ചത്. ചോദിച്ച കാര്യത്തിനു മറുപടി കിട്ടിയിട്ടില്ല. ദിലീപ് വിഷയത്തിൽ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം’’– ഗണേഷ് കുമാര്‍ പ്രതികരിച്ചു.

താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതെന്തിനെന്ന് ഇടവേളബാബു പറയണം. ആരെ രക്ഷിക്കാൻ വേണ്ടിയാണാ പ്രസ്താവന? എന്നും ഗണേഷ് കുമാര്‍ ചോദിച്ചു. ഗണേഷ്കുമാറിന്‍റെ വാക്കുകള്‍ ഇങ്ങനെ:

ഇടവേള ബാബുവിനെ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇരുത്തിയത് ​ഗണേഷ് കുമാറാണ്. അത് അദ്ദേഹം ചിലപ്പോൾ മറന്നിട്ടുണ്ടാവും. വൈസ് ചെയർമാൻ എന്നൊരു പോസ്റ്റ് മുമ്പ് അവിടെയുണ്ടായിരുന്നില്ല. അദ്ദേഹം ചിലപ്പോൾ അമ്മ കണ്ടുപിടിച്ച ആളായിരിക്കാം. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പലരേയും വലിച്ചിഴച്ചതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന ചർച്ച നടന്നു എന്നു പറയുന്നദിവസം അമ്മയുടെ യോ​ഗത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. അന്ന് കൊട്ടാരക്കരയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാൻപോകുന്ന സമയമാണ്. പ്രചാരണത്തിന് സമയമാകുമ്പോൾ വിളിക്കാമെന്ന് പറഞ്ഞ് വീട്ടിലിരിക്കുമ്പോൾ ടിവിയിൽ വാർത്തയിൽ അമ്മയുടെ യോ​ഗത്തിൽ ഞാനും മുകേഷും ശബ്ദമുയർത്തുന്നു എന്ന് കാണിക്കുന്നു. അന്ന് അച്ഛനുമുണ്ടായിരുന്നു കൂടെ. അദ്ദേഹമാണ് ഇക്കാര്യം കാണിച്ചുതന്നത്. ഇടവേള ബാബുവിനോട് ഇക്കാര്യത്തേക്കുറിച്ച് അന്വേഷിച്ചു. അതിന് ശേഷം ആ വാർത്ത കാണിച്ചില്ല. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടാവാം”.

“ബിനീഷ് കോടിയേരിയുടെ കേസ് വിജയ് ബാബുവിന്റേതുപോലുള്ള കേസല്ല. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണമാണ് ബിനീഷിനെതിരെയുള്ളത്. വിജയ് ബാബുവിന്റേത് മാനഭം​ഗക്കേസാണ്. അതിജീവിവതയായ പെൺകുട്ടിക്കുവേണ്ടിയാണ് നമ്മൾ സംസാരിച്ചത്. അതിന് ബാബു മറുപടി പറഞ്ഞിട്ടില്ല. ഇടവേള ബാബുവിന്റെ പോസ്റ്റിൽ അദ്ദേഹം എന്നെ ഇം​ഗ്ലീഷ് പഠിപ്പിച്ചിരിക്കുകയാണ്. അത്രയും പരിജ്ഞാനമുള്ള പ്രൊഫസറൊന്നുമല്ല ഞാൻ”.

“ജ​ഗതി ശ്രീകുമാറിന്റെ കാര്യമാണ് അടുത്തത്. ആരോ​ഗ്യപരമായ പ്രശ്നങ്ങളേത്തുടർന്ന് ഒരിടത്തിരിക്കുമ്പോൾ ആരും ഓർക്കാത്ത ഒരു വിഷയം ഇതിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നത് ഒട്ടും ശരിയായില്ല. ജ​ഗതി ശ്രീകുമാറിനെ അദ്ദേഹത്തിന്റെ കേസിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. അദ്ദേഹം ഒരു വലിയ നടനാണ്. അതൊക്കെ നടക്കുമ്പോൾ ഇടവേള ബാബു അമ്മയുടെ കമ്മിറ്റിയിലൊന്നുമില്ല. അമ്മ സ്വന്തം സ്വകാര്യ വസ്തുവാണെന്ന് ഇടവേള ബാബു ധരിക്കരുത്”.

വിജയ് ബാബു സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം എന്നാണ് താൻ പറഞ്ഞതെന്നും ​ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News