
കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ജൂലൈ 9 ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയ ഇക്വഡോറിനെ നേരിടും. ജൂലൈ 10 നാണ് ടൂർണമെൻറിലെ ബ്രസീൽ – അർജന്റീന പോരാട്ടം.
കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഒൻപതാമത്തെ എഡിഷന് കൊളംബിയയാണ് ആതിഥ്യമരുളുന്നത്. കഴിഞ്ഞ എട്ട് എഡിഷനുകളിൽ 7 തവണയും കിരീടം ബ്രസീലിനായിരുന്നു. 2018 ൽ ചിലിയെ തോൽപിച്ചായിരുന്നു മഞ്ഞപ്പടയുടെ കിരീട നേട്ടം. ഒരേ ഒരു തവണയാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. 2006 ൽ സ്വന്തം രാജ്യത്ത് നടന്ന ടൂർണമെൻറിലായിരുന്നു ആൽബി സെലസ്‌റ്റകളുടെ ചരിത്ര കിരീട നേട്ടം.
ഇതുവരെ അർജൻറീന – ബ്രസീൽ ടീമുകൾ നാലു തവണ ഫൈനലിൽ മുഖാമുഖം വന്നപ്പോൾ മൂന്ന് എണ്ണത്തിൽ ബ്രസീലും ഒരു തവണ അർജന്റീനയും ജയിച്ചു. സൂപ്പർ താരം മാർത്ത ഇല്ലാതെയാണ് നിലവിലെ ചാമ്പ്യന്മാരായ കാനറി വനിതകൾ ഇറങ്ങുക. 10 ടീമുകൾ മാറ്റുരക്കുന്ന റൌണ്ട് റോബിൻ അടിസ്ഥാനത്തിലുള്ള ടൂർണമെൻറിൽ ഗ്രൂപ്പ് ബിയിലാണ് അർജന്റീനയും ബ്രസീലും . ജൂലൈ 10 ന് ലോക വനിതാ ഫുട്ബോളിലെ ഇരുടീമുകളും മുഖാമുഖം വരും.യുവ താരങ്ങളുടെ നിറസാന്നിധ്യമാണ് ബ്രസീലിയൻ ടീമിനെ ശ്രദ്ധേയമാക്കുന്നത്.
കെരോലിൻ, ഗെയ്സെ, ട്രെയ്നാര , ജിയോവാന ക്വിറോസ് എന്നിവരാണ് ടീമിലെ ശ്രദ്ധേയ പുതുമുഖങ്ങൾ. അതേസമയം ബൊക്ക ജൂനിയേഴ്സ് താരങ്ങളാൽ സമ്പുഷ്ടമാണ് അർജൻറീന ടീം. ആകെ 13 തവണ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ 10 എണ്ണത്തിൽ ബ്രസീലും 2 എണ്ണത്തിൽ അർജന്റീനയും ജയിച്ചു. ഒരെണ്ണം സമനിലയിൽ അവസാനിച്ചു.ഈ മാസം 26 നും 27 നും കോപ്പയിലെ സെമി ഫൈനലുകൾ നടക്കും. ഈ മാസം 31 നാണ് കോപ്പയിലെ രാജ്ഞിമാരെ കണ്ടെത്തുന്നതിനുള്ള കിരീടപ്പോരാട്ടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here