ഒരു ദിവസമെങ്കിലും വെറും വയറ്റിൽ വ്യായാമം ചെയ്തവരാണോ നിങ്ങൾ…? കിട്ടുക എട്ടിന്റെ പണി

വ്യായാമം ചെയ്യാൻ അയവുള്ള കോട്ടൻ ഡ്രസ്സും പാകമുള്ള ഷൂസും മാത്രം പോരാ, അറിയേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്.

. ഏതു സമയത്ത് വ്യായാമം ചെയ്താലും ശരീരത്തിനു കിട്ടുന്ന ഗുണം തുല്യമാണ്. ആഴ്ചയിൽ പരമാവധി മൂന്നര– നാലുമണിക്കൂർ വ്യായാമം മതി. ഒന്നിച്ച് സാധിക്കാത്തവർക്ക് പത്തോ ഇരുപതോ മിനിറ്റ് വീതം മൂന്നുനാലു സെഷനുകളാകാം.

∙ അടുത്ത സെഷനു മുൻപ് ശരീരം പൂർവസ്ഥിതിയിലെത്തുന്ന തരത്തിൽ വ്യായാമം ചിട്ടപ്പെടുത്തണം. ഹൃദയമിടിപ്പും ആഹാരപോഷകങ്ങളുടെ ആഗിരണവും സാധാരണ നിലയിലാകുന്ന അവസ്ഥയാണിത്. രണ്ട് സെഷനുകൾക്ക് ഇടയിലുള്ള സമയത്ത് നന്നായി ഉറങ്ങുകയും വേണം.

∙ വെറും വയറ്റിൽ വ്യായാമം ചെയ്താൽ പെട്ടെന്നു ഭാരം കുറയുമെന്നത് തെറ്റിദ്ധാരണയാണ്. ഇങ്ങനെ ചെയ്താൽ പെട്ടെന്നു ക്ഷീണിക്കുമെന്നു മാത്രമല്ല, മസിൽ ക്ഷയിക്കാനും (മസിൽ ലോസ്) വ്യായാമത്തോടു വെറുപ്പുണ്ടാകാനും ഇടയാകും.

∙ പ്രധാന ആഹാരം കഴിച്ച് രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞേ വ്യായാമം ചെയ്യാവൂ. രാവിലെ വ്യായാമത്തിന് ഒരു മണിക്കൂർ മുൻപ് ലഘുവായ ആഹാരം കഴിക്കണം. രണ്ടു സ്ലൈസ് ഹോൾവീറ്റ് ബ്രഡ് പീനട്ട് ബട്ടർ പുരട്ടിയതോ, ഒരു ഏത്തപ്പഴം പുഴുങ്ങിയതും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസുമോ, ഒരു ബൗൾ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ ഓംലെറ്റോ കഴിക്കാം.

∙ വ്യായാമത്തിനു മുൻപ് ഫൈബർ അധികമടങ്ങിയ ഭക്ഷണം, പരിപ്പുവിഭവങ്ങൾ, കൃത്രിമപാനീയങ്ങൾ, സോൾട്ടഡ് നട്ട്സ്, പഴുക്കാത്ത ഏത്തപ്പഴം, പയർ വർഗങ്ങൾ എന്നിവ കഴിച്ചാൽ വ്യായാമം ചെയ്യുമ്പോൾ ഗ്യാസ് പ്രശ്നങ്ങൾ വരും.

∙ വ്യായാമം ചെയ്യും മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം. വ്യായാമത്തിലൂടെ ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്ന ജലാംശം തിരിച്ചു നൽകാൻ ഇടയ്ക്കിടെ സിപ് ചെയ്ത് വെള്ളം കുടിക്കാം.

∙ ഭാരം കുറയ്ക്കാനല്ല, ഫിറ്റ്നസിനായാണ് വ്യായാമം ചെയ്യുന്നതെങ്കിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിവയും കഴിക്കാം. മസിലുകളിൽ ശേഖരിക്കപ്പെട്ട ഗ്ലൈക്കോജനാണ് വ്യായാമ സമയത്ത് ഉപയോഗിക്കുക. അതു വീണ്ടെടുക്കാനായി ചപ്പാത്തി, അരിയാഹാരം, ബ്രെഡ് എന്നിവ വ്യായാമശേഷം കഴിക്കാം. ചപ്പാത്തി– മുട്ടക്കറി, അപ്പം– കടലക്കറി, നട്സും ഏത്തപ്പഴവും പാലിൽ കുറുക്കിയ ഓട്ട്സ് മീൽ തുടങ്ങിയ കാർബോ ഹൈഡ്രേറ്റ്– പ്രോട്ടീൻ കോംബിനേഷനും നല്ലതാണ്.

സ്ത്രീകളും വ്യായാമവും

∙ വെയ്റ്റ് ട്രെയ്നിങ് ചെയ്താൽ പുരുഷന്മാരെ പോലെ മസിൽ വരുമെന്നത് തെറ്റിദ്ധാരണയാണ്. സ്ത്രീ ഹോർമോണായ ഈസ്ട്രജൻ മസിൽ വളർച്ചയെ പ്രതിരോധിക്കും.

∙ നടത്തം, ജോഗിങ്, സൈക്ലിങ്, നീന്തൽ, നൃത്തം തുടങ്ങിയവ ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. വെയ്റ്റ് ട്രെയിനിങ്, പുഷ് അപ്, പുൾ അപ് തുടങ്ങിയവ പേശികളുടെ വലിപ്പവും ദൃഢതയും കൂട്ടി ശരീരവടിവ് കൂട്ടാൻ സഹായിക്കും.

∙ വയർ കുറയ്ക്കാനുള്ള വ്യായാമം മാത്രം ചെയ്യുന്നത് അബദ്ധമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വേണ്ടി മാത്രം വ്യായാമമൊന്നുമില്ല. ശരീരത്തിലെ ആകെയുള്ള കൊഴുപ്പ് കുറയ്ക്കുകയാണ് വേണ്ടത്.

∙ ആർത്തവ സമയത്ത് സ്ട്രെങ്ത് ട്രെയ്നിങ് പോലെയുള്ള കഠിന വ്യായാമങ്ങൾ ഒഴിവാക്കണം, പ്രത്യേകിച്ചും അമിത രക്തസ്രാവമുള്ളവരിൽ. വയറിനുള്ള വ്യായാമങ്ങളും ഈ സമയത്ത് ഒഴിവാക്കണം. കഠിനമല്ലാത്ത വ്യായാമങ്ങൾ ഈ കാലത്തും തുടരുന്നത് തലവേദന, ടെൻഷൻ മുതലായ ആർത്തവ അസ്വസ്ഥതകളെ അകറ്റുമെന്നാണ് പഠനങ്ങൾ പറയുന്നത്. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന എൻഡോർഫിൻ എന്ന ഹോർമോണാണ് ഇതിനു കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here