അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും

രാജ്യത്തെ ഏറ്റവും വലിയ പ്രൊഫഷണൽ ഖൊ ഖൊ ടൂർണമെന്റായ അൾട്ടിമേറ്റ് ഖൊ ഖൊയിലെ മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ഡെവലപ്പറുമായ പുനിത് ബാലനും പ്രശസ്ത ഗായകൻ ബാദ്ഷായും ഏറ്റെടുത്തു.

മുംബൈ ആസ്ഥാനമായുള്ള ടീം ഈ വർഷാവസാനം ആരംഭിക്കുന്ന ടൂർണമെന്റിനുള്ള ലൈനപ്പ് പൂർത്തിയാക്കി. അൾട്ടിമേറ്റ് ഖൊ ഖൊ കായികക രംഗത്ത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്നും ടൂർണമെന്റിലൂടെ സൂപ്പർതാരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും സാധിക്കുമെന്നും ബാദ്ഷ അഭിപ്രായപ്പെട്ടു.

തന്റെ അമ്മ കോളെജ് പഠനകാലത്ത് ഖൊ ഖൊ താരമായിരുന്നെന്നും കളിയോടുള്ള വ്യക്തിപരവും ഗൃഹാതുരവുമായ ഈ ബന്ധമാണ് തന്നെ അൾട്ടിമേറ്റ് ഖൊ ഖൊയുടെ ഭാഗമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മികച്ച സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും പോഷകാഹാരവും ഉറപ്പാക്കി മികച്ച കളിക്കാരെ വളർത്തിയെടുക്കുക എന്നതാണ് ലീഗിന്റെ ഭാഗമാകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിന്റെ സഹ ഉടമയും ബാലൻ ഗ്രൂപ്പിന്റെ തലവനും യുവ വ്യവസായിയുമായ പുനീത് ബാലൻ ബാഡ്മിന്റൺ, ടെന്നീസ്, ടേബിൾ ടെന്നീസ്, ഹാൻഡ്ബോൾ ലീഗ് തുടങ്ങി വിവിധ കായിക മേളകളിൽ ടീമുകളുടെ ഉടമസ്ഥനാണ്.

സ്‌പോർട്‌സ് എംപ്ലോയ്‌മെന്റ് സ്റ്റാർട്ടപ് രംഗത്ത് അദ്ദേഹം നിരവധി നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ വിവിധ ലീഗുകളുടെ ഭാഗമായതിലൂടെ കായിക വികസനത്തിൽ തന്റേതായ പങ്കുവഹിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇപ്പോൾ അൾട്ടിമേറ്റ് ഖൊ ഖൊയ്ക്കൊപ്പം, ഖൊ ഖൊയുടെ വിജയത്തിലേക്കുള്ള യാത്രയിൽ ഒരു പങ്ക് വഹിക്കാൻ ആഗ്രഹിക്കുന്നുവെന്നും പുനീത് ബാലൻ പറഞ്ഞു.

മുംബൈ ഫ്രാഞ്ചൈസിയുടെ സഹ ഉടമകളായി ബാദ്ഷായെയും പുനീതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് അൾട്ടിമേറ്റ് ഖൊ ഖൊ സിഇഒ ടെൻസിങ് നിയോഗി പറഞ്ഞു. നിരവധി കോർപറേറ്റുകളും ഒഡീഷ സർക്കാറും ഇപ്പോൾതന്നെ ലീഗിന്റെ ഭാഗമാണ്.

സിനിമ, സംഗീത മേഖലയിൽ നിന്നുള്ള രണ്ടു ജനപ്രിയ പേരുകൾ കൂടി ചേരുന്നതോടെ ലീഗിന്റെ പ്രശസ്തി വർധിക്കും. ഖൊ ഖൊയ്ക്ക് മഹാരാഷ്ട്രയിൽ ആഴത്തിലുള്ള വേരോട്ടമുണ്ട്. അടുത്തിടെ സമാപിച്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഖൊ ഖൊയിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ മഹാരാഷ്ട്ര ചാംപ്യന്മാരായിരുന്നു. സംസ്ഥാന തലസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന മുംബൈ ടീം ഗെയിമിന്റെ ജനപ്രീതി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ടെൻസിങ് നിയോഗി പറഞ്ഞു.

ലീഗിലെ അഞ്ചാം ഫ്രാഞ്ചൈസിയുടെ ഉടമസ്ഥർ ഒഡീഷ സർക്കാറാണ്. ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഒഡീഷ സർക്കാർ ടീമിനെ സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് ടീമും ജിഎംആർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തെലങ്കാന ടീമും ലീഗിൽ മാറ്റുരക്കുന്നുണ്ട്.

കാപ്രി ഗ്ലോബൽ, കെഎൽഒ സ്‌പോർട്‌സ് എന്നിവരാണ് മറ്റു ടീം ഉടമകൾ. ഖൊഖൊ ഫെഡറേഷൻ ഓഫ് ഇന്ത്യയും ഡാബർ ഇന്ത്യ ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന ലീഗിന്റെ സംപ്രേക്ഷണാവകാശം സോണി പിക്‌ചേഴ്‌സ് നെറ്റവർക്കിനാണ്.

സ്പോർട്സ് ചാനലുകളായ SonyTEN 1(SD & HD), SonyTEN 3 (SD & HD), SonyTEN 4 എന്നിവയിലും, പ്രാദേശിക ഭാഷകളിൽ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നിവയിൽ SonyLIV-ലും ലീഗ് സംപ്രേക്ഷണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel