Indian Rupee : ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ ഇന്ത്യൻ രൂപ

ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ ഇന്ത്യൻ രൂപ. ഒരു അമേരിക്കൻ ഡോളർ വാങ്ങാൻ ഇനി 79.04 ഇന്ത്യൻ രൂപ ചെലവാക്കേണ്ടി വരും. ലോക വിപണി നേരിടുന്ന മാന്ദ്യവും കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങളുമാണ് തകർച്ചക്ക് കാരണമെന്നാണ് വിദഗ്ധ വിലയിരുത്തൽ.

ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള തകർച്ചയ്ക്കാണ് ഇന്ത്യൻ രൂപ സാക്ഷ്യം വഹിക്കുന്നത്. എക്കാലത്തെയും മോശം വിനിമയ നിരക്കായ 79.04 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ 2014 മെയിലെ 59.44 എന്ന നിലയിൽ നിന്നാണ് വൻ വിലയിടിവ്.

2008ലെ ആഗോള മാന്ദ്യത്തിലും 2013ലും നേരിട്ട തകർച്ചയെക്കാൾ ഇത്തവണ കടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. ആഗോള സാമ്പത്തിക അനിശ്ചിതത്വവും അമേരിക്കൻ കേന്ദ്രബാങ്കിൻ്റെ പലിശവർധനവും കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങളുമാണ് മൂല്യ തകർച്ചക്ക് കാരണമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ ഈ വർഷം ഏഴ് ശതമാനം കൂടി വില തകരും.

2013ൽ ഒരു ദിവസം മാത്രം 1.48 രൂപയുടെ തകർച്ച നേരിട്ടപ്പോൾ യുപിഎ സർക്കാരിനെതിരെ പരിഹാസവുമായി എത്തിയിരുന്നു അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. അതേ പരിഹാസമാണ് ഇപ്പൊൾ ബിജെപിയെ തിരിഞ്ഞ് കുത്തുന്നത്. എട്ട് വർഷത്തെ എൻഡിഎ ഭരണത്തിൽ ഇരുപതോളം രൂപയാണ് വിലയിടിഞ്ഞത്.

1945ൽ ഐഎംഎഫ് രൂപീകരിക്കുമ്പോൾ സ്ഥാപക അംഗമായ ഇന്ത്യയുടെ കറൻസിക്ക് മൂന്ന് രൂപ മുപ്പത് പൈസയായിരുന്നു ഡോളറിനോടുള്ള വിനിമയ മൂല്യം. പല കാലങ്ങളിൽ തകർന്ന് തകർന്ന് തരിപ്പണമാകുകയാണ് ഇപ്പൊൾ ഇന്ത്യൻ രൂപ. രൂപ ക്ഷയിക്കുന്നത് ഇന്ത്യൻ സമ്പദ് മേഖലയ്ക്കും വിദേശ നിക്ഷേപത്തിനും തിരിച്ചടി സൃഷ്ടിക്കും.വിലക്കയറ്റവും ഓഹരിവിപണി തകർച്ചയും രൂക്ഷമാക്കും.

രണ്ട് വഴിക്കുള്ള പരിഹാരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കരുതൽ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്കിനോട് കൂടുതൽ ഡോളറോഴുക്കാൻ പറയണം. പലിശ നിരക്കും റിപ്പോ വർദ്ധിപ്പിക്കാനും. എന്നാൽ, ഇന്ത്യൻ വിദേശ നാണ്യ ശേഖരം ഒരു വർഷം കൊണ്ട് 64,200 കോടി ഡോളറിൽ നിന്ന് 58,700 കോടിയായി കുറഞ്ഞിരുന്നു.

പല ഘട്ടങ്ങളിൽ ആഭ്യന്തര പ്രതിസന്ധി പിടിച്ചുനിർത്താൻ വേണ്ടിയായിരുന്നു ഇത്. നാല് ശതമാനത്തിൽ നിന്നിരുന്ന റിപ്പോ അഞ്ചാഴ്ച കൊണ്ട് മാത്രം 4.9 ശതമാനമായും വർദ്ധിച്ചു. അതുകൊണ്ട് തന്നെ മാന്ദ്യവും വിലക്കയറ്റവും പിടിച്ചുനിർത്താൻ കേന്ദ്ര സർക്കാരിന് എന്ത് ചെയ്യാനാകുമെന്ന് കണ്ടറിയണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News