വിവാദ സര്‍ക്കുലര്‍; ടൂറിസം ഡയറക്ടര്‍ക്ക് സ്ഥലം മാറ്റം; പി ബി നൂഹ് പുതിയ ഡയറക്ടര്‍

വിവാദ സര്‍ക്കുലര്‍ ഇറക്കിയ ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയെ തസ്തികയില്‍ നിന്ന് മാറ്റി. ഓഫീസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്തുമെന്ന വിവാദ ഉത്തരവ് റദ്ദാക്കിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കൃഷ്ണ തേജയോട് വിശദീകരണം തേടിയിരുന്നു.

എന്നാല്‍ കൃഷ്ണ തേജയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. പി.ബി. നൂഹ് ആണ് പുതിയ ഡയക്ടര്‍. ഓഫീസിലെ അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരം ശേഖരിക്കാനും തുടര്‍ നടപടി എടുക്കാനുമായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. ചില ജീവനക്കാര്‍ അടിസ്ഥാനഹരിതമായ പരാതികളാണ് ഉന്നയിക്കുന്നത്.

ഇത്തരം വ്യാജ പരാതികള്‍ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നു. വിഷയത്തില്‍ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് വിവാദമായതോടെയാണ് മന്ത്രി ടൂറിസം ഡയറക്ടറില്‍ നിന്ന് വിശദീകരണം തേടിയത്, പിന്നാലെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും വനിതാ ജീവനക്കാര്‍ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ അന്വേഷണ ഘട്ടത്തില്‍ പിന്‍വലിക്കുന്നുണ്ട്. ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്നു. ഇത് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ സമയം നഷ്ടപ്പെടുത്തുന്നു. പ്രയത്‌നം പാഴായിപ്പോകുന്ന അവസ്ഥയുണ്ടാക്കുന്നു.

ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ പരാതി നല്‍കുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടര്‍ നടപടി എടുക്കുകയും വേണമെന്നായിരുന്നു നിര്‍ദേശം. ഈ മാസം പതിനേഴിന് കൃഷ്ണ തേജ ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News