uddhav thackeray: ഉദ്ദവ് താക്കറെയ്ക്ക് തിരിച്ചടി; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ

ശിവസേനയ്ക്കും ഉദ്ദവ് താക്കറെയ്ക്കും തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്. നാളെത്തന്നെ മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടടുപ്പ് നടത്താമെന്ന് സുപ്രീംകോടതി അനുമതി നല്‍കി. നാളത്തെ വിശ്വാസവോട്ടെടുപ്പിന് സ്റ്റേ ഇല്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ശിവസേനയുടെ ഹര്‍ജിയില്‍ നോട്ടീസ് അയ്ക്കും.

ഈ കേസില്‍ അന്തിമ കോടതി വിധി എന്താണോ അത് വോട്ടെടുപ്പിന് ബാധമാകുമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, വിശ്വാസവോട്ടെടുപ്പിന്റെ ഫലം എന്തായാലും അതില്‍ കോടതിയുടെ തീര്‍പ്പ് ബാധകമാകും. രണ്ട് കേസുകളാണ് നിലവില്‍ കോടതിയിലുള്ളത്. ഒന്ന് വിശ്വാസ വോട്ടെടുപ്പിനെതിരെയുള്ള കേസാണ്.

വിമത നേതാവ്ഏകനാഥ് ഷിൻഡെയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ ഹാജരായി. മഹാരാഷ്ട്ര ഗവർണർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ആണ് ഹര്‍ജിയിൽ വാദം കേട്ടത്.

എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച കേസാണ് രണ്ടാമത്തേത്. നാളത്തെ വിശ്വാസ വോട്ടെടുപ്പിന്റെ ഫലം എന്തു തന്നെയായാലും അന്തിമതീരുമാനം കേസുകളിലെ വിധിക്കനുസരിച്ചായിരിക്കും എന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാവികാസ്അഖാഡി സഖ്യ സര്‍ക്കാരില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തെ ചോദ്യം ചെയ്തു കൊണ്ട് ശിവസേന നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മുതിർന്ന അഡ്വ.അഭിഷേക് മനു സിംഗ്വിയാണ് ശിവസേനയുടെ നിയമസഭാ ചീഫ് വിപ്പും ഹര്‍ജിക്കാരനുമായ സുനിൽ പ്രഭുവിന് വേണ്ടി കോടതിയിൽ ഹാജരായത്.

അതേസമയം ഭരണ പ്രതിസന്ധി നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി തീരുമാനം എതിരായാല്‍ രാജി വയ്ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

മന്ത്രിസഭാ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് വൈകാരികമായായിരുന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

എന്നാല്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ നേരത്തെ പറഞ്ഞിരുന്നു. 50 എംഎല്‍എമാര്‍ തന്നോടൊപ്പമുണ്ട്. ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. വിശ്വാസ വോട്ടെടുപ്പില്‍ സംബന്ധിക്കാനായി നാളെ മുംബൈയില്‍ എത്തുമെന്നും ഷിന്‍ഡെ പറഞ്ഞു. ഏക്നാഥ് ഷിന്‍ഡെയും വിമത എംഎല്‍എമാരും രാവിലെ ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തിയതെന്ന് ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി നാളെ വൈകീട്ട് അഞ്ചുമണിക്കുള്ളില്‍ നിയമസഭയില്‍ വിശ്വാസം തെളിയിക്കാനാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി രാവിലെ 11 മണിക്ക് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ അസംബ്ലി സെക്രട്ടറിക്ക് ഗവര്‍ണര്‍ കത്തു നല്‍കി.

വിശ്വാസവോട്ടെടുപ്പ് മാത്രമാകും നിയമസഭയുടെ അടിയന്തര സമ്മേളനത്തിന്റെ അജന്‍ഡ്. വൈകീട്ട് അഞ്ചുമണിയ്ക്കകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നിയമസഭയില്‍ കര്‍ശന സുരക്ഷാ നടപടികല്‍ ഒരുക്കണം. വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തണം. വിശ്വാസ വോട്ടെടുപ്പ് സംപ്രേക്ഷണം ചെയ്യാനും ഗവര്‍ണര്‍ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഏക്നാഥ് ഷിന്‍ഡെ നേതൃത്വത്തില്‍ 39 ശിവസേന എംഎല്‍എമാരും ഏഴ് സ്വതന്ത്രരും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി രംഗത്തെത്തിയതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഷിന്‍ഡെ അടക്കം 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ഉദ്ധവ് താക്കറെ പക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News