Uddhav Thackeray: നാടകാന്ത്യം രാജി; വിശ്വാസ വോട്ടെടുപ്പിന് കാത്തുനിന്നില്ല; ഉദ്ദവ് താക്കറെ രാജി വച്ചു

മഹാരാഷ്‌ട്രയിൽ രണ്ടാഴ്‌ച്ചയോളം നീണ്ട രാഷ്‌ട്രീയ നാടകത്തിന്‌ വിരാമം കുറിച്ച്‌ ഉദ്ധവ്‌ താക്കറെ മുഖ്യമന്ത്രിപദം രാജിവെച്ചു. വ്യാഴാഴ്‌ച്ച വിശ്വാസവോട്ടെടുപ്പ്‌ നടത്തണമെന്ന ഗവർണറുടെ നിർദേശത്തിന്‌ എതിരായ  ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ്‌ ഉദ്ധവ്‌താക്കറേ രാജിവെച്ചത്‌.

ബുധനാഴ്‌ച്ച വൈകിട്ട്‌ അഞ്ചിന്‌ ഹർജി പരിഗണിച്ച സുപ്രീംകോടതി മൂന്നരമണിക്കൂർ നീണ്ട വാദംകേൾക്കലിന്‌ ശേഷമാണ്‌ ഹർജി തള്ളിയത്‌. തുടർന്ന്‌ 9.30യ്‌ക്ക്‌ ഫേസ്‌ബുക്ക്‌ ലൈവിൽ എത്തിയ ഉദ്ധവ്‌ രാജിപ്രഖ്യാപിച്ചു.

സ്വന്തം ആളുകൾ പിന്നിൽ നിന്നും കുത്തിയെന്ന്‌  ഉദ്ധവ് താക്കറെ പറഞ്ഞു. വ്യാഴാഴ്‌ച്ച വിശ്വാസവോട്ടെടുപ്പ്‌ നടത്തിയാൽ  ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ ഉദ്ധവ്‌ കളമൊഴിയാൻ തീരുമാനിച്ചത്‌. 2019 നവംബറിലാണ്‌ ശിവസേന– എൻസിപി-കോൺഗ്രസ്‌ (മഹാവികാസ്‌ അഖാഡി) സഖ്യത്തിന്റെ മന്ത്രിസഭ അധികാരമേറ്റത്‌.

ശിവസേനാനേതാവും ഉദ്ധവിന്റെ വിശ്വസ്‌തനുമായിരുന്ന  ഏകനാഥ്‌ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതഎംഎൽഎമാരെ അടർത്തിയെടുത്ത്‌ ബിജെപി നടത്തിയ കരുനീക്കങ്ങളാണ്‌ സർക്കാരിന്റെ പതനത്തിൽ കലാശിച്ചത്‌.

uddhav thackeray: ഉദ്ദവ് താക്കറെയ്ക്ക് തിരിച്ചടി; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ

ശിവസേനയ്ക്കും ഉദ്ദവ് താക്കറെയ്ക്കും തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്. നാളെത്തന്നെ മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടടുപ്പ് നടത്താമെന്ന് സുപ്രീംകോടതി അനുമതി നല്‍കി. നാളത്തെ വിശ്വാസവോട്ടെടുപ്പിന് സ്റ്റേ ഇല്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ശിവസേനയുടെ ഹര്‍ജിയില്‍ നോട്ടീസ് അയ്ക്കും.

ഈ കേസില്‍ അന്തിമ കോടതി വിധി എന്താണോ അത് വോട്ടെടുപ്പിന് ബാധമാകുമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, വിശ്വാസവോട്ടെടുപ്പിന്റെ ഫലം എന്തായാലും അതില്‍ കോടതിയുടെ തീര്‍പ്പ് ബാധകമാകും. രണ്ട് കേസുകളാണ് നിലവില്‍ കോടതിയിലുള്ളത്. ഒന്ന് വിശ്വാസ വോട്ടെടുപ്പിനെതിരെയുള്ള കേസാണ്.

വിമത നേതാവ്ഏകനാഥ് ഷിൻഡെയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ ഹാജരായി. മഹാരാഷ്ട്ര ഗവർണർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ആണ് ഹര്‍ജിയിൽ വാദം കേട്ടത്.

എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച കേസാണ് രണ്ടാമത്തേത്. നാളത്തെ വിശ്വാസ വോട്ടെടുപ്പിന്റെ ഫലം എന്തു തന്നെയായാലും അന്തിമതീരുമാനം കേസുകളിലെ വിധിക്കനുസരിച്ചായിരിക്കും എന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാവികാസ്അഖാഡി സഖ്യ സര്‍ക്കാരില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തെ ചോദ്യം ചെയ്തു കൊണ്ട് ശിവസേന നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മുതിർന്ന അഡ്വ.അഭിഷേക് മനു സിംഗ്വിയാണ് ശിവസേനയുടെ നിയമസഭാ ചീഫ് വിപ്പും ഹര്‍ജിക്കാരനുമായ സുനിൽ പ്രഭുവിന് വേണ്ടി കോടതിയിൽ ഹാജരായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News