ADVERTISEMENT
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം കഠിന തടവിനും പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കാനുമായിരുന്നു കൊല്ലം കോടതി വിധി.
വിവിധ വകുപ്പുകളില്‍ 25 വര്‍ഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വേണ്ടത്ര തെളിവുകള്‍ പോലുമില്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നാണ് കിരണ്‍ അപ്പീലില്‍ പറയുന്നത്. അപ്പീല്‍ ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ഒരു മാസത്തിന് ശേഷം വാദം കേള്‍ക്കാന്‍ മാറ്റി.
2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലുള്ള ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. 2020 മേയ് 30നായിരുന്നു വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം. മേയ് 24 നാണ് കിരണ്‍ കുമാര്‍ ശിക്ഷക്കാരനാണ് എന്ന് കോടതി വിധിച്ചത്.
സ്ത്രീധന പീഡനത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത്താണ് വിസ്മയ കേസില്‍ വിധി പറഞ്ഞത്.
സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തു എന്നായിരുന്നു കേസ്. നാല് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.