പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്

മദ്രസയിൽ വച്ച് 11 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 67 വര്‍ഷം കഠിനതടവ് ശിക്ഷയായി വിധിച്ച് കോടതി. മദ്രസാ അധ്യാപകനായ നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ജനുവരിയിലാണ് അധ്യാപകനെതിരെ പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസയിൽ പഠിക്കാനെത്തിയ 11 വയസ്സുള്ള വിദ്യാര്‍ത്ഥിയെ അലിയാര്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്.

പോക്സോ കേസിൻ്റെ വിവിധ വകുപ്പുകൾ പ്രകാരം 60 വർഷവും,  ജുവനൈൽ ജസ്റ്റിസ് ആക്ട് ,തടഞ്ഞുവെക്കൽ എന്നിങ്ങനെ മറ്റ് വകുപ്പുകൾ പ്രകാരം 7 വർഷവും ഉൾപ്പടെയാണ് പെരുമ്പാവൂർ അതിവേഗ കോടതി സ്പെഷൽ ജഡ്ജ് വി.സതീഷ് കുമാർ പ്രതിയ്ക്ക് 67 വർഷം കഠിനതടവ് വിധിച്ചത്. വാഴക്കുളത്തെ മദ്രസാ അധ്യാപകനായ നെല്ലിക്കുഴി സ്വദേശി അലിയാർ കുറ്റക്കാരനാണെന്ന്  കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2020 ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദ്രസയിലെ വിദ്യാർത്ഥിയായ  11 കാരനെ  അധ്യാപകനായ അലിയാർ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.മദ്രസാ ക്ലാസ് കഴിഞ്ഞതിനു ശേഷം മുറിയടച്ചിട്ടാണ് കുട്ടിയെ പീഡിപ്പിച്ചത്.സംഭവത്തെക്കുറിച്ച് 11 കാരൻ തൻ്റെ കൂട്ടുകാരോട് പറയുകയും ഇവർ പിന്നീട് സ്കൂളിലെ അധ്യാപകരോടും കുട്ടിയുടെ രക്ഷിതാക്കളോടും വിവരം പറയുകയായിരുന്നു. ഇതെത്തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തടിയിട്ടപ്പറമ്പ് പോലീസ് കേസെടുത്ത് അലിയാരെ അറസ്റ്റ് ചെയ്തു. ഒരു വർഷക്കാലം റിമാൻഡിൽ കഴിഞ്ഞ അലിയാർക്ക് പിന്നീട് ജാമ്യം ലഭിച്ചു.

വിചാരണയുടെ ഭാഗമായി പീഡനത്തിനിരയായ കുട്ടി ഉൾപ്പടെ 23 സാക്ഷികളെ കോടതി വിസ്തരിച്ചു. പോലീസിനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.A സിന്ധുവാണ് കോടതിയിൽ ഹാജരായത്.വിവിധ വകുപ്പുകൾ പ്രകാരം 67 വർഷം കഠിനതടവ് വിധിച്ചെങ്കിലും  ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയതിനാൽ 20 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. പെരുമ്പാവൂർ അതിവേഗ കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് പീഡനക്കേസിൽ 67 വർഷം കഠിന തടവ് വിധിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here