John Brittas MP : പാര്‍ലമെന്റ് അംഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് എംപിക്ക് ഡോക്ടറേറ്റ്

രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസിന്(JohnBrittas) ഡോക്ടറേറ്റ്. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യാണ് ഇന്ത്യന്‍ അച്ചടി മാധ്യമ രംഗത്തെ ആഗോളീകരണ സ്വാധീനം’ എന്ന വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിന് ഡോക്ടറേറ്റ് നല്‍കിയത്. ജെഎന്‍യുവില്‍(JNU) സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ മുന്‍പ് എംഫില്‍(MPhil) ഗവേഷണ വിദ്യാര്‍ത്ഥി ആയിരുന്നു ജോണ്‍ ബ്രിട്ടാസ്. അന്ന് ഗവേഷണം പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും ഗൈഡിന്റെ നിര്യാണം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പ്രബന്ധം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യസഭാംഗമായി ദില്ലിയില്‍(Delhi) തിരിച്ചെത്തിയ ശേഷമാണ് പ്രബന്ധം പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഇന്നാണ് ജോണ്‍ബ്രിട്ടാസ് എംപിക്ക് ഡോക്ടറേറ്റ് നല്‍കിക്കൊണ്ടുള്ള ജെഎന്‍യുവിന്റെ വിജ്ഞാപനം പുറത്ത് വന്നത്. ഡോക്ടര്‍ കിരണ്‍ സക്‌സേന, ഡോക്ടര്‍ വി ബിജുകുമാര്‍ എന്നിവരുടെ കീഴിലായിരുന്നു ഗവേഷണം.

തൊണ്ണൂറുകളിലാരംഭിച്ച ആഗോളവത്കരണം ഇന്ത്യന്‍ അച്ചടി മാധ്യങ്ങളുടെ സ്വഭാവത്തില്‍ വരുത്തിയ മാറ്റത്തിന്റെ സ്വാധീന ഫലങ്ങളെ കുറിച്ചുള്ളതാണ് ഗവേഷണം. കണ്ണൂര്‍ സ്വദേശിയായ ജോണ്‍ ബ്രിട്ടാസ് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂര്‍ കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും തൃശ്ശര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. ദേശാഭിമാനിയിലായിരുന്നു(Desabhimani) മാധ്യമജീവിതത്തിന്റെ തുടക്കം.

ദേശീയരാഷ്ട്രീയം കലങ്ങിമറിയുന്ന കാലമായതുകൊണ്ട് ഒട്ടേറെ വാർത്ത മുഹൂർത്തങ്ങൾ ഒപ്പിയെടുക്കാനുള്ള അവസരം ലഭിച്ചു. ബോഫേ‍ഴ്സ് കുംഭകോണം മുതൽ ബാബറി മസ്ജിദ് പതനം വരെയുള്ള സുപ്രധാന രാഷ്ട്രീയ ഏടുകളിൽ നിന്നാണ് ബ്രിട്ടാസിന്റെ മാധ്യമപ്രവർത്തനം കരുത്താർജ്ജിക്കുന്നത്. ഇ.എം.എസ്, വി.ടി.രണദിവേ, ബസവ പുന്നയ്യ, സുർജിത് തുടങ്ങി തലയെടുപ്പുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. മൂന്ന് പതിറ്റാണ്ട് കാലത്തെ മാധ്യമ പ്രവർത്തനത്തിൽ ഏറെയും ചെലവഴിച്ചത് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ.

ഒരു വ്യാഴവട്ടക്കാലം അച്ചടിമേഖലയിൽ പ്രവർത്തിച്ച ശേഷമാണ് ദൃശ്യമാധ്യമരംഗത്തേക്ക് തിരിയുന്നത്. കൈരളിയുടെ(KairaliTV) ഡൽഹി ബ്യൂറോ ചീഫായി പ്രവർത്തിച്ച ബ്രിട്ടാസ് 2003 സെപ്റ്റംബർ 11നാണ് കൈരളി ടിവി മാനേജിങ് ഡയറക്ടറായി നിയമിതനാകുന്നത്. അക്കാലത്ത് മാധ്യമ മാനേജ്മെന്റ് തലപ്പത്ത് എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു ബ്രിട്ടാസ്. സങ്കീർണ്ണമായ സാഹചര്യത്തിൽ മാനേജിങ് ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത ബ്രിട്ടാസിന്റെ നേതൃത്വത്തിൽ കൈരളി ശ്രദ്ധേയമായ മാധ്യമ സംരംഭമായി വളർന്നു. ഇന്ന് നാല് ചാനലുകളുള്ള ടെലിവിഷൻ ശൃംഖലയാണ് കൈരളി.

രണ്ടുവർഷക്കാലം ഏഷ്യാനെറ്റ്(Asianet) ചാനൽ ഹെഡ് ആയി പ്രവർത്തിച്ച ശേഷം 2013ൽ ഒരിക്കൽ കൂടി കൈരളിയുടെ മാനേജിങ് ഡയറക്ടറായി നിയമിതനായി. കൈരള‍ി ടി വിയുടെ ചീഫ് എഡിറ്റർ കൂടിയായ ജോൺ ബ്രിട്ടാസ് കേരള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു.

മലയാളം ടെലിവിഷനിൽ അഭിമുഖത്തിന് തനതായ പാത വെട്ടിത്തെളിച്ച ബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ഷൻ(JB Junction) ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ക്വസ്റ്റ്യൻ ടൈം, ക്രോസ് ഫയർ, നമ്മൾ തമ്മിൽ, ഞാൻ മലയാളി തുടങ്ങി നിരവധി സംവാദ പരിപാടികൾക്ക് നായകത്വം വഹിച്ച ബ്രിട്ടാസ്, അഞ്ച് തവണ മികച്ച അവതാരകനുള്ള സംസ്ഥാന പുരസ്കാരത്തിനർഹനായി. അക്കാദമിക് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് “മാധ്യമ രംഗത്തെ ആഗോളവൽക്കരണ”ത്തെക്കുറിച്ചുള്ള പഠനത്തിന് ബാംഗ്ലൂരിലെ ജേണലിസം എഡ്യുക്കേഷൻ ഫൗണ്ടേഷൻ ഫെല്ലോഷിപ്പ് നൽകുകയുണ്ടായി.

ഇറാക്ക്-അമേരിക്ക യുദ്ധക്കാലത്ത് ബാഗ്ദാദിൽ നിന്നും റിപ്പോർട്ട് ചെയ്തത് ശ്രദ്ധേയമായ മാധ്യമ ചുവടുവയ്പ്പായിരുന്നു. യുദ്ധപശ്ചാത്തലത്തിൽ ബാഗ്ദാദിന്റെ മണ്ണിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ മാധ്യമപ്രവർത്തകൻ എന്ന പദവിയും ജോൺ ബ്രിട്ടാസിനുള്ളതാണ്. ഇറാഖ് യുദ്ധത്തെ ഭീകരതക്കെതിരെയുള്ള ആക്രമണമായി ഒട്ടുമിക്കവാറും മാധ്യമങ്ങൾ വിശേഷിപ്പിച്ചപ്പോൾ, “അധിനിവേശം” എന്ന തലക്കെട്ടിലാണ് ജോൺ ബ്രിട്ടാസിന്റെ “ബാഗ്ദാദ് ഡയറി” കൈരളി സംപ്രേഷണം ചെയ്തത്.

യുദ്ധക്കെടുതികൾക്കപ്പുറം ഇറാക്ക് ജനതയുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ ഏടുകളും വിസ്തൃതമായ ബാഗ്ദാദ് കവറേജിൽ ഉൾപ്പെട്ടിരുന്നു. ബോംബ് വർഷത്തിനിടയിലും അനാഥക്കുഞ്ഞുങ്ങളെ പരിപാലിച്ചിരുന്ന, ടൈഗ്രീസ് നദിക്കരയിലുള്ള അനാഥമന്ദിരത്തിൽ കഴിയുന്ന നാല് ഇന്ത്യൻ കന്യാസ്ത്രീകളെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ട് പ്രമുഖ ഇംഗ്ലീഷ് വാരികയായ ഇന്ത്യ ടുഡേ പ്രത്യേക ഫീച്ചറായി നൽകുകയുണ്ടായി. ബാഗ്ദാദിൽ നിന്നുള്ള ബ്രിട്ടാസിന്റെ റിപ്പോർട്ടുകളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു പോലുള്ള ദേശീയ മാധ്യമങ്ങൾ പ്രത്യേക വാർത്തകൾ നൽകുകയുണ്ടായി.

ബാബറി മസ്ജിദിന്റെ പതനം, ഗുജറാത്ത് കലാപം, നേപ്പാൾ തെരഞ്ഞെടുപ്പ്, പാകിസ്ഥാൻ രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവ സമഗ്രമായി റിപ്പോർട്ട് ചെയ്യാനുള്ള അവസരം ജോൺ ബ്രിട്ടാസിന് ലഭിച്ചു. “മിനാരങ്ങൾ ധൂളികളായപ്പോൾ’ എന്ന ബാബറി മസ്ജിദിന്റെ പതനത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ട് ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചു. ബാബറി മസ്ജിദ് പൊളിച്ച കർസേവകരുടെ ആക്രമണത്തിൽ നിന്ന് കാവിത്തുണി കെട്ടി “ജയ് സിയാറാം” മുദ്രാവാക്യം വിളിച്ച് രക്ഷപ്പെട്ട ബ്രിട്ടാസിന്റെ അനുഭവ-അനുസ്മരണക്കുറിപ്പുകൾ ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ സ്ഥാനംപിടിച്ചു. ദേശീയ രാഷ്ട്രീയ ഗതിവിഗതികളിലെ സുപ്രധാനമായ പ്രശ്നങ്ങളെക്കുറിച്ച് “ഇന്ദ്രപ്രസ്ഥം ഡയറി” എന്നപേരിൽ ലേഖന പരമ്പരകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മാധ്യമ സംഘത്തിൽ അംഗമായിക്കൊണ്ട് അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News