എല്‍ജിബിടി ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണവുമായി ആമസോണ്‍; സംഭവം യുഎഇയില്‍

യുഎഇയില്‍ എല്‍ജിബിടി ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണവുമായി ആമസോണ്‍. എല്‍ജിബിടി വിഭാഗക്കാര്‍ ആഗോളതലത്തില്‍ ‘പ്രൈഡ് മന്ത്’ ആഘോഷിക്കാനിരിക്കെയാണ് ആമസോണിലെ ഈ നിയന്ത്രണം. പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

എല്‍ജിബിടി ഉത്പന്നങ്ങളുടെ വില്‍പന തടയാന്‍ പിഴ ശിക്ഷയുള്‍പ്പടെയുള്ള ഭീഷണികള്‍ യുഎഇ അധികൃതരില്‍ നിന്നുണ്ടായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വവര്‍ഗ്ഗാനുരാഗിയാകുന്നത് ക്രിമിനല്‍ കുറ്റമായ 69 രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ.

പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുള്ളതിനാലാണ് ഈ നിയന്ത്രണമെന്ന് ആമസോണ്‍ വക്താവ് പറഞ്ഞു. ഒരു കമ്പനി എന്ന നിലയില്‍ വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളല്‍ എന്നിവയോട് പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും എല്‍ജിബിടിക്യൂഎ പ്ലസ് ആളുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം ബിബിസിയോട് പ്രതികരിച്ചു.

ഈ മാസം ആദ്യം എല്‍ജിബിടി അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള അമേരിക്കന്‍ എംബസിയുടെ ട്വീറ്റിനെതിരേ കുവൈറ്റ് രംഗത്തുവന്നിരുന്നു. പ്രൈഡ് മന്തില്‍ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ട്വീറ്റാണ് എംബസി പങ്കുവെച്ചത്. ഇത് ഇനി ആവര്‍ത്തിക്കരുതെന്നാണ് കുവൈറ്റിന്റെ മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here