Kamal Hassan: ഉലകനായകന് യുഎഇ ഗോള്‍ഡന്‍ വിസ

ഉലകനായകൻ കമൽ ഹാസന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായ് ജി.ഡി.ആർ.എഫ്​.എ അധികൃതരിൽ നിന്ന് താരം ഗോൾഡൻ വീസ ഏറ്റുവാങ്ങി. പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ ഡോ. കെ. അബ്ദുൽ ഗനിയും ഒപ്പമുണ്ടായിരുന്നു.

സിനിമ രംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ് ആദരം. നേരത്തെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങള്‍ക്കും മറ്റ് പല പ്രമുഖർക്കും യു.എ.ഇ ഗോൾഡൻ വീസ നൽകി ആദരിച്ചിരുന്നു.

ഗോള്‍ഡന്‍ വിസ എന്താണെന്നും അത് കിട്ടാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

സ്പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും വിദേശികളെ പ്രാപ്തരാക്കുന്ന ദീര്‍ഘകാല റസിഡന്റ് വിസകള്‍ക്കായി 2019ലാണ് യുഎഇ സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. അഞ്ചോ പത്തോ വര്‍ഷത്തെ കാലാവധി ഗോള്‍ഡന്‍ വിസകള്‍ക്ക് നല്‍കപ്പെടും. കൂടാതെ ഇവ സ്വയമേവ പുതുക്കപ്പെടുകയും ചെയ്യും.

സാധാരണഗതിയില്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലക്ഷ്യമിടുന്നത് രാജ്യത്ത് താമസിച്ചുകൊണ്ട് യുഎഇയില്‍ കാര്യമായ നിക്ഷേപം നല്‍കാന്‍ താല്‍പ്പര്യമുള്ള സമ്പന്നരായ വ്യക്തികളെയാണ്. സംരംഭകരെ കൂടാതെ, ഡോക്ടര്‍മാര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങിയ പ്രത്യേക കഴിവുള്ള വ്യക്തികള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാം.

കൂടാതെ പ്രത്യേക മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, പ്രോഗ്രാമിംഗ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ആക്റ്റീവ് ടെക്നോളജി, എഐ ആന്‍ഡ് ബിഗ് ഡാറ്റ എന്നീ മേഖലകളിലെ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് 3.8ഉം അതിനു മുകളിലും സ്‌കോര്‍ നേടിയവര്‍ക്കും യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

യുഎഇ ഇന്‍വെന്റേഴ്സിനും ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവര്‍ ആ വസ്തുവിന് പേറ്റന്റ് നേടേണ്ടതുണ്ട്. പേറ്റന്റുകള്‍ക്ക് സാമ്പത്തിക മന്ത്രാലയമാണ് അംഗീകാരം നല്‍കേണ്ടത്. ഇത് യുഎഇ സമ്പദ്‌വ്യവസ്ഥ വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗവേഷകരും ശാസ്ത്രജ്ഞരും അതത് മേഖലകളിലെ വിദഗ്ധരാണെന്നത് കൊണ്ട് തന്നെ ഇവര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. അതേസമയം ശാസ്ത്രജ്ഞര്‍ എമിറേറ്റ്സ് സയന്റിസ്റ്റ് കൗണ്‍സില്‍ അല്ലെങ്കില്‍ മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ ഫോര്‍ സയന്റിഫിക് എക്സലന്‍സിന്റെ അംഗീകാരമുള്ളവരായിരിക്കണം.

കലാകാരന്മാര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കും. സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രാലയത്തിന്റെ അംഗീകാരം ഉള്ളവരായിരിക്കണം ഇവര്‍. 10 മില്യണ്‍ ദിര്‍ഹമോ അതില്‍ കൂടുതലോ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News