AKG Center; എകെജി സെന്‍ററിന് നേരെ ബോംബാക്രമണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം എകെജി സെന്‍ററിന് നേരെ ബോംബാക്രമണത്തില്‍ പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പ്രധാന ഗെയ്റ്റിന് മുന്നിലേക്കെറിഞ്ഞ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിച്ചിതറി. ഡിയോ സ്കൂട്ടറിലെത്തിയ അക്രമി ആക്രമണത്തിന് ശേഷം  കുന്നുകു‍ഴി ഭാഗത്തേക്ക് വണ്ടിയോടിച്ച് പോയതായും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാകുന്നു.സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടക്കുകയാണ്.

രാത്രി 11.24ന് ഡിയോ സ്കൂട്ടറിലെത്തിയ യുവാവാണ് എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞത്. പൊലീസുകാര്‍ നില്‍ക്കുന്ന പ്രധാന കവാടം ഒ‍ഴിവാക്കി കവാടത്തിന്‍റെ വശത്തുള്ള എകെജി സെന്‍ററിന്‍റെ പ്രധാന ഗെയ്റ്റിന് മുന്നിലേക്കായിരുന്നു ബോംബേറ്. എറിഞ്ഞ ബോംബ് മതിലില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബെറിഞ്ഞതിന് ശേഷം കുന്നുകു‍ഴി ഭാഗത്തേക്ക് അക്രമി സ്കൂട്ടറോടിച്ചുപോയതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എകെജി സെന്‍ററിന്‍റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. പിന്നാലെ എകെജി സെന്‍ററിലെ ജീവനക്കാരും എത്തി. സംഭവമറിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും എകെജി സെന്‍ററിലെത്തി.

സംഭവമന്വേഷിക്കാനായി സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ അങ്കിത് കുമാര്‍ അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പത്രത്തില്‍ പൊതിഞ്ഞ നൂലില്‍ കെട്ടിയ സ്ഫോടകവസ്തുവിന്‍റെ അവശിഷ്ടങ്ങള്‍ പൊലീസ് സംഘം കണ്ടെത്തി. ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തി. പൊലീസ് കുന്നുകു‍ഴി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. കന്‍റോണ്‍മെന്‍റ് സിഐ ഷാഫിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കം മുതിര്‍ന്ന സിപിഎം നേതാക്കള്‍ എകെജി സെന്‍ററില്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരും, സിപിഐ നേതാക്കളും, എല്‍ഡിഎഫ് നേതാക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്. എംഎല്‍എമാരും, എംപിമാരും സ്ഥലത്തുണ്ട്. ഇതിന് പുറമേ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരും സംഭവം അറിഞ്ഞ് എകെജി സെന്‍ററിന് മുന്നില്‍ തടിച്ചുകൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News