AKG Center; എകെജി സെൻ്റർ ബോംബാക്രമണം; വിശദമായ പരിശോധനകൾ നടത്തുന്നു,അന്വേഷണം ഊർജിതം ; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ

എകെജി സെൻ്റർ ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ. സിസിടിവി ദൃശ്യങ്ങളൊക്കെ നോക്കിയിരുന്നു എന്നും രാത്രി ആയതിനാൽ ഒരുപാട് ദൃശ്യങ്ങളൊന്നും കിട്ടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സിസിടിവി ദൃശ്യങ്ങളൊക്കെ നോക്കിയിരുന്നു. രാത്രി ആയതിനാൽ ഒരുപാട് ദൃശ്യങ്ങളൊന്നും കിട്ടിയില്ല. വിശദമായ പരിശോധനകൾ നടത്തുകയാണ്. ഒരാൾ ബൈക്കിൽ വന്ന് സ്ഫോടക വസ്തു എറിഞ്ഞതായാണ് മനസിലാക്കുന്നത്. സ്ഫോടക വസ്തുവിൻ്റെ വിശദാംശങ്ങളെപ്പറ്റി അറിയില്ല. ബാക്കി വിവരങ്ങൾ കൂടി അറിഞ്ഞതിനു ശേഷമേ എന്തെങ്കിലും പറയാനാവൂ.”- സ്പർജൻ കുമാർ പറഞ്ഞു.

അതേസമയം, എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ​ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അം​ഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ​ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണിത്. സമാധാനം നിലനിർത്താൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺ​ഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതൽ കോൺ​ഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാർട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയാണ് എകെജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. പൊലീസുകാര്‍ നില്‍ക്കുന്ന പ്രധാന കവാടം ഒ‍ഴിവാക്കി കവാടത്തിന്‍റെ വശത്തുള്ള എകെജി സെന്‍ററിന്‍റെ പ്രധാന ഗെയ്റ്റിന് മുന്നിലേക്കായിരുന്നു ബോംബേറ്. എറിഞ്ഞ ബോംബ് മതിലില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബെറിഞ്ഞതിന് ശേഷം കുന്നുകു‍ഴി ഭാഗത്തേക്ക് അക്രമി സ്കൂട്ടറോടിച്ചുപോയതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here