FIR; എ.കെ.ജി സെന്‍റര്‍ ബോംബാക്രമണം; കേസെടുത്തു, ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി

എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ബോംബെറിഞ്ഞ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിൽ സ്ഫോടക വസ്തു ഉപയോഗം തടയൽ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എഫ്.ഐ.ആറില്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി എകെജി സെന്‍ററിലെത്തി. അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം പുരോഗമിക്കുകയാണ്. അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു.

എ.കെ.ജി സെന്‍ററിന്‍റെ പ്രധാന കവാടത്തിൽ പൊലീസ് കാവൽ നിൽക്കെയാണ് തൊട്ടടുത്ത ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന് മുൻപ് മറ്റൊരാൾ സ്കൂട്ടറിൽ വന്ന് നിരീക്ഷിച്ചു തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ലഭിച്ച ദൃശ്യത്തിൽ നിന്ന് അക്രമിയെ തിരിച്ചറിയാനായിട്ടില്ല. കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

വലിയ ശബ്ദം കേട്ടെന്ന് പി.കെ ശ്രീമതി പറഞ്ഞു. കോൺഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

ഘടക കക്ഷി നേതാക്കളും മന്ത്രിമാരും എ.കെ.ജി സെന്ററിലേക്ക് എത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

അതേസമയം, മഹാനായ എ കെ ജിയും അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്ന വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News