ADGP; എ കെ ജി സെന്ററിന് നേരെ ബോംബേറ്; പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ

എ കെ ജി സെന്‍ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെക്കുറിച്ച് ചില സൂചന ലഭിച്ചിട്ടുണ്ടെന്ന് കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച എഡിജിപി വിജയ് സാഖറെ. ആക്രമണത്തിനു പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമികൾ ഒരാൾ ആണ് എന്നാണ് വിവരം. ബാക്കി കാര്യങ്ങൾ അന്വേഷണത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അക്രമിയെ കണ്ടെത്താൻ പരിശോധന വ്യാപകമാക്കിയിരിക്കുകയാണ് പൊലീസ്. ഇന്നലെ രാത്രി 11.24ന് ഡിയോ സ്കൂട്ടറിലെത്തിയ യുവാവാണ് എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞത്. പൊലീസുകാര്‍ നില്‍ക്കുന്ന പ്രധാന കവാടം ഒ‍ഴിവാക്കി കവാടത്തിന്‍റെ വശത്തുള്ള എകെജി സെന്‍ററിന്‍റെ പ്രധാന ഗെയ്റ്റിന് മുന്നിലേക്കായിരുന്നു ബോംബേറ്. എറിഞ്ഞ ബോംബ് മതിലില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബെറിഞ്ഞതിന് ശേഷം കുന്നുകു‍ഴി ഭാഗത്തേക്ക് അക്രമി സ്കൂട്ടറോടിച്ചുപോയതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എകെജി സെന്‍ററിന്‍റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. പിന്നാലെ എകെജി സെന്‍ററിലെ ജീവനക്കാരും എത്തി. സംഭവമറിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും എകെജി സെന്‍ററിലെത്തി.

അതേസമയം, എ കെ ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം നടത്തിയ ആളെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റവാളിയേയും അതിന് പിന്നിലുള്ളവരേയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരും. ഇതിനായി പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ വ്യക്തമാക്കി.

അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാനം തകർക്കാനുള്ള ശ്രമം ആണ്. ഇത്തരം പ്രകോപനങ്ങളിൽ വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News