
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ രാഷ്‌ട്രീയ എതിരാളികളുടെ അതിക്രമം ഇത് മൂന്നാംതവണ. ഒരിക്കൽ കോൺഗ്രസ് നേരിട്ടായിരുന്നു അക്രമം നടത്തിയതെങ്കിൽ പിന്നീട് കോൺഗ്രസ് ആശീർവാദത്തോടെ പൊലീസിനെ ഉപയോഗിച്ചും അതിക്രമമുണ്ടായി.
1983 ഒക്‌ടോബറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ എ കെ ജി സെന്റർ ആക്രമിച്ചത്. പാളയത്തെ എംഎൽഎ ക്വാർട്ടേഴ്‌സിൽനിന്ന് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകരായിരുന്നു അന്ന് ബോംബെറിഞ്ഞത്.
1991ൽ എ കെ ജി സെന്ററിന് മുന്നിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത് പൊലീസായിരുന്നു. പാർടി നേതാക്കളെല്ലാം സെന്ററിനുള്ളിലുള്ളപ്പോൾ പൊലീസ് എ കെ ജി സെന്ററിന് നേരെ വെടിയുതിർത്തു. അക്രമത്തെ തള്ളിപ്പറയാൻ പോലും അന്ന് കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. 1983ലെ ആക്രമണത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്. പ്രകടനമായെത്തിവർക്ക് പകരം ചാവേറുകളെ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണം എന്നതുമാത്രമാണ് വ്യത്യാസം.
അതേസമയം, ഇന്നലെ എ കെ ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചു.
ഇന്നലെ രാത്രി 11.24ന് ഡിയോ സ്കൂട്ടറിലെത്തിയ യുവാവാണ് എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞത്. പൊലീസുകാര്‍ നില്‍ക്കുന്ന പ്രധാന കവാടം ഒഴിവാക്കി കവാടത്തിന്‍റെ വശത്തുള്ള എകെജി സെന്‍ററിന്‍റെ പ്രധാന ഗെയ്റ്റിന് മുന്നിലേക്കായിരുന്നു ബോംബേറ്. എറിഞ്ഞ ബോംബ് മതിലില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബെറിഞ്ഞതിന് ശേഷം കുന്നുകുഴി ഭാഗത്തേക്ക് അക്രമി സ്കൂട്ടറോടിച്ചുപോയതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here