Gold : സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 5% ഉയര്‍ത്തി

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ഉപഭോഗം കുറയ്ക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ നടപടിയെന്നാണ് വിശദീകരണം.

ഇറക്കുമതിയിലെ വർധന രൂപയെ സമ്മർദത്തിലാക്കുന്ന സാഹചര്യമുണ്ടായതിനാലാണ് തിരക്കിട്ട് തീരുവ വർധന പ്രഖ്യാപിച്ചത്. മെയ് മാസത്തെ വ്യാപാരക്കമ്മി 24.3 ബില്യൺ ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തി.

മുൻവർഷത്തെ ഇതേകാലയളവിലുള്ളതിനേക്കാൾ ഒമ്പതു മടങ്ങാണ് സ്വർണത്തിന്റെ ഇറക്കുമതിയിലുണ്ടായ വർധന. മെയ് മാസത്തിൽ മാത്രം 61000 കോടി രൂപ (7.7 ബില്യൺ ഡോളർ)യുടെ സ്വർണമാണ് ഇറക്കുമതി ചെയ്തത്.സ്വർണ ഉപഭോഗത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

രാജ്യത്തെ ആവശ്യത്തിനുള്ള സ്വർണത്തിലേറെയും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞവർഷത്തെ ബജറ്റിലാണ് സ്വർണത്തിന്റെ ഇറക്കുമതി തീരുവ 7.5ശതമാനമായി കുറച്ചത്.ആഗോള വിപണിയിൽ ഇടിവുണ്ടായെങ്കിലും തീരുവ ഉയർത്തിയതോടെ രാജ്യത്തെ സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തി.

സംസ്ഥാനത്ത് സ്വർണവില പവന് 960 രൂപകൂടി 38,280 രൂപയായി. 37,320 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില മൂന്നുശതമാനം ഉയർന്ന് 51,900 രൂപയിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here