Pinarayi Vijayan : മെഡിസെപ്പിലെ സര്‍ക്കാര്‍ ഗ്യാരണ്ടി പ്രധാന പ്രീമിയം: മുഖ്യമന്ത്രി പിണറായി വിജയന്‍

മെഡിസെപ്പ് പദ്ധതിക്ക് നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയാണ് പ്രധാന പ്രീമിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് സര്‍ക്കാര്‍ ഒരു രൂപ പോലും പ്രീമിയമായി നല്‍കുന്നില്ലെന്നാണ് ചിലര്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ ഗ്യാരണ്ടിയെകുറിച്ച് ഇവര്‍ മിണ്ടുന്നില്ല.

പ്രതിവര്‍ഷം മൂന്നുലക്ഷം രൂപയുടെ ചികിത്സാ കവറേജിനുപുറമെ അവയവമാറ്റ ചികിത്സയ്ക്കും മറ്റും സഹായം ലഭ്യമാകുന്ന പദ്ധതി 6000 രൂപ പ്രീമിയത്തില്‍ നടപ്പാക്കാന്‍ കഴിയുന്നത് സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരണ്ടിയുടെ വലിയ മൂല്യത്തിലാണ്.

ഉയര്‍ന്ന പ്രീമിയം തുക നല്‍കുമ്പോഴും കുറഞ്ഞ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതാണ് നിലവിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ പൊതുസ്ഥിതി. ഇപ്പോള്‍ നല്‍കുന്ന പ്രീമിയം തുകയുടെ മൂന്നിരട്ടി തുക നല്‍കിയാല്‍പോലും സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നല്‍കാത്ത കവറേജ് മെഡിസെപ്പ് പദ്ധതിയില്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നു.

സര്‍ക്കാര്‍ പദ്ധതി ആയതിനാലാണിത് ലഭിക്കുന്നത്.ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയായതിനോല്‍ സമാനതകളില്ലാത്ത ആനുകൂല്യങ്ങള്‍ ചെറിയ പ്രീമിയത്തില്‍ ലഭ്യമാക്കാനാകുന്നു. മെഡിസെപ്പ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മെഡിസെപ്പില്‍ അംഗമാകാന്‍ പ്രായവും ആരോഗ്യ സ്ഥിതിയുമുള്‍പ്പെടെ ഒരു നിയന്ത്രണവും ബാധകമാകുന്നില്ലെന്നതും പ്രധാനമാണ്. സ്വകാര്യ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ ചേരുന്നതിന് പ്രായം വലിയ മാനദണ്ഡമാണ്. നാല്‍പത് വയസ് കഴിഞ്ഞവര്‍ക്ക് അംഗത്വം കിട്ടുന്നതിന് ഉയര്‍ന്ന നിരക്കില്‍ പ്രീമിയം നല്‍കണം. ഇതിനുപ്പറം പ്രായമുള്ളവര്‍ക്ക് അംഗത്വത്തിന് മുന്‍കൂര്‍ വൈദ്യപരിശോധന വേണ്ടിവരും.

രോഗ ചികിത്സയിലുള്ളതോ, മുമ്പ് രോഗ ചികിത്സ നടത്തിയതോ ആയ ആള്‍ക്ക് പദ്ധതി ചേരാനായാല്‍, ഈ രോഗങ്ങള്‍ക്ക് കവറേജ് നിഷേധിക്കപ്പെടും. ഒരാളെ ഇന്‍ഷ്വറന്‍സ് പരിധിയില്‍നിന്ന് എങ്ങനെയെല്ലാം ഒഴിവാക്കാമെന്നതിലാണ് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.

മെഡിസെപ്പില്‍ 90 വയസുള്ള പെന്‍ഷന്‍കാരനും, 20 വയസുള്ള ജീവനക്കാരനും ഒരേ മനാദണ്ഡത്തിലും പ്രീമിയത്തിലും, മുന്‍കൂര്‍ വൈദ്യപരിശോധനകളും ഒഴിവാക്കി പ്രതിമാസം 500 രൂപയ്ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നു.

പദ്ധതി പ്രീമിയമായ 6000 രൂപയില്‍ 336 രൂപ സര്‍ക്കാര്‍ തട്ടിയെടുക്കുന്നുവെന്ന ദുഷ്പ്രചാരണവും നടക്കുന്നു. ഈ അധിക തുക മെഡിസെപ്പിന്റെ ഭാഗമായിതന്നെ സര്‍ക്കാര്‍ രൂപീകരിക്കുന്ന പ്രത്യേക നിധി (കോര്‍പ്പസ് ഫണ്ട്)യിലേക്കാണ് പോകുന്നത്. ഈ നിധി ഉപയോഗിച്ചാണ് 12 മാരക രോഗങ്ങള്‍ക്കും അവയവമാറ്റം ഉള്‍പ്പെടെ ചികിത്സകള്‍ക്കും അധിക പരിരക്ഷ ഉറപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News