പേവിഷബാധ: വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ആരോഗ്യവകുപ്പ് തെളിവെടുത്തു

അയല്‍വീട്ടിലെ വളര്‍ത്തുനായ കടിച്ച് പേവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഡിഎംഒ കെ പി റീത്തയുടെ നേതൃത്വത്തില്‍ മങ്കരയിലെ വീട്ടിലെത്തി വിവരം ശേഖരിച്ചു.

മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്‍-സിന്ധു ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി(19)യാണ് വെള്ളിയാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കോയമ്പത്തൂര്‍ കോളേജിലെ ബിസിഎ വിദ്യാര്‍ഥിനിയാണ്. ഡിഎംഒ ശനിയാഴ്ച ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ടിന് നല്‍കും.

വിദ്യാര്‍ഥിനിക്ക് വാക്സിന്‍ നല്‍കുന്നതില്‍ പാകപ്പിഴയില്ല. കടിയേറ്റ ദിവസം മുറിവ് വൃത്തിയാക്കിയിരുന്നു. കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. തെരുവുനായയെയാണ് വീട്ടില്‍ വളര്‍ത്തിയിരുന്നത്. നായക്ക് വാക്‌സിനെടുത്തിട്ടില്ലെന്ന് കണ്ടെത്തി.

വിദ്യാര്‍ഥിനിയെ കടിച്ച ദിവസം വീട്ടുടമയേയും മറ്റ് രണ്ടുപേരെയും കടിച്ചതിനാല്‍ നാട്ടുകാര്‍ പട്ടിയെ തല്ലിക്കൊന്നു. ഇതിനാല്‍ പട്ടിയുടെ സ്വഭാവം പഠിക്കാന്‍ കഴിയില്ല. പേവിഷബാധ പരിശോധിക്കാനും കഴിയില്ല. അന്നേദിവസം നായയുമായി ഇടപെട്ടവരുടെ വിശദാംശം ശേഖരിച്ചിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധ നടപടി സ്വീകരിച്ചു.

രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവര്‍ക്ക് പ്രതിരോധകുത്തിവയ്പ് നല്‍കും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കുത്തിവയ്പെടുത്തിട്ടുണ്ട്. മെയ് 30നാണ് ശ്രീലക്ഷ്മിയെ വളര്‍ത്തുനായ കൈവിരലുകളില്‍ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിന്‍ എടുത്തു. കൂടുതല്‍ മുറിവുണ്ടായിരുന്നതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവച്ചു.

പിന്നീട് മൂന്ന് ഡോസ് വാക്സിന്‍കൂടി എടുത്തു. ഇതില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്നും ഒന്ന് സ്വകാര്യ ആശുപത്രിയില്‍നിന്നുമാണ് എടുത്തത്. ജൂണ്‍ ഇരുപത്തേഴിനകം എല്ലാ വാക്സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതല്‍ പനി തുടങ്ങി.

മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചു. സംഭവത്തിന്‌ശേഷം ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി രൂപീകരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം വെള്ളിയാഴ്ച യോഗം ചേര്‍ന്ന് ശ്രീലക്ഷ്മിക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങള്‍ വിലയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here