മോദി ഭരണത്തിൽ ഇന്ത്യയുടെ വിദേശകടവും ബാധ്യതയും കുത്തനെ ഉയരുന്നു

മോദി ഭരണത്തിൽ ഇന്ത്യയുടെ വിദേശകടവും ബാധ്യതയും കുത്തനെ ഉയരുന്നു. 2021–-22 സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ വിദേശകടം 49 ലക്ഷം കോടി രൂപയായി. മുൻവർഷത്തെ അപേക്ഷിച്ച്‌ എട്ട്‌ ശതമാനമാണ്‌ വർധനയെന്ന്‌ റിസർവ്‌ ബാങ്ക്‌ കണക്ക്‌ വ്യക്തമാക്കുന്നു.

ഒറ്റവർഷംകൊണ്ട്‌ 3.67 ലക്ഷം കോടി രൂപയാണ്‌ വിദേശകടം വർധിച്ചത്‌. ജിഡിപി–- വായ്‌പാ അനുപാതം ഇതോടെ 20 ശതമാനത്തിന്‌ അടുത്തെത്തി. ദീർഘകാല വിദേശകടം 5.6 ശതമാനം വർധിച്ചപ്പോൾ ഹ്രസ്വകാലകടത്തിൽ 20 ശതമാനമാണ്‌ വർധന.

രൂപയ്‌ക്കെതിരായി യുഎസ്‌ ഡോളറിന്റെയും യൂറോ, യെൻ തുടങ്ങി മറ്റു കറൻസികളുടെയും മൂല്യവർധന വിദേശകടത്തിന്റെ ഭാരം കുറച്ചിട്ടുണ്ട്‌. വിദേശകടത്തിൽ 91,260 കോടി രൂപയുടെ കുറവാണ്‌ ഇത്തരത്തിലുണ്ടായത്‌. അല്ലെങ്കിൽ 3.67 ലക്ഷം കോടി രൂപയ്‌ക്കു പകരം 4.59 ലക്ഷം കോടിയുടെ വർധനയുണ്ടാകുമായിരുന്നു.

സർക്കാരിന്റെ ആകെ ബാധ്യതയിലും വർധനയുണ്ടായി. കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച പാദത്തിൽ 128.41 ലക്ഷം കോടി രൂപയായിരുന്നു ആകെ ബാധ്യത. ഇത്‌ മാർച്ചിൽ അവസാനിച്ച പാദത്തിൽ 133.22 ലക്ഷം കോടി രൂപയായി. 3.74 ശതമാനമാണ്‌ ആകെ ബാധ്യതയിലെ വർധന.

ധനകമ്മി 12.3 ശതമാനത്തിലേക്ക്‌

കേന്ദ്ര സർക്കാരിന്റെ ധനകമ്മി സാമ്പത്തികവർഷത്തിന്റെ ആദ്യ രണ്ടു മാസത്തിൽത്തന്നെ ബജറ്റ്‌ അടങ്കലിന്റെ 12.3 ശതമാനമായി ഉയർന്നു. മെയ്‌ അവസാനംവരെയുള്ള കണക്കുപ്രകാരമാണ് ഇത്‌. മുൻവർഷം ഇതേ കാലയളവിൽ 8.2 ശതമാനമായിരുന്നു.
സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം (ധനകമ്മി) മെയ്‌ അവസാനത്തിൽ 2.03 ലക്ഷം കോടി രൂപയാണെന്ന്‌ കംപ്‌ട്രോളർ ജനറൽ ഓഫ്‌ അക്കൗണ്ട്‌സ്‌ (സിജിഎ) പുറത്തുവിട്ട കണക്ക്‌ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News