Udaipur : ഉദയ്പൂർ കൊലപാതകം: എ.എസ്.പിക്ക് സസ്‌പെൻഷൻ

ഉദയ്പൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ എ.എസ്.പിക്ക് സസ്‌പെൻഷൻ. ഉദയ്പൂർ എ.എസ്.പി. അശോക് കുമാർ മീണയെയാണ് രാജസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തത്. കനയ്യ ലാലിന് സുരക്ഷയൊരുക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന ആരോപണങ്ങൾക്കിടെയാണ് വീണ്ടും നടപടി.

ഇന്നലെ ഉദയ്പൂർ ഐ.ജി. ഉൾപ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിരുന്നു. കൊലപാതകദിവസം തന്നെ എ.എസ്.ഐയെയും സസ്‌പെൻഡ് ചെയ്തിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത്‌ രാജസ്ഥാനിലെ വിവിധ മേഖലകളിൽ വീണ്ടും ഇന്റർനെറ്റ് റദ്ദാക്കി.

ജയ്പൂർ, ആൽവാർ, ദൗസ എന്നിവിടങ്ങളിലാണ് 24 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് റദ്ദാക്കിയത്. അതേസമയം ഉദയ്പൂരിൽ ഇന്റർനെറ്റ് നിയന്ത്രണം തുടരും. സ്ഥലത്ത് 12 മണി മുതൽ 4 മണി വരെ കർഫ്യൂ ഇളവ് പ്രഖ്യാപിച്ചു.

ഉദയ്പൂര്‍ കൊലപാതകം; പ്രതികള്‍ക്ക് പാക് ബന്ധമുണ്ടെന്ന് രാജസ്ഥാന്‍ പൊലീസ്‌

ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ട് പ്രധാന പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്. ജയ്പൂരില്‍ മാര്‍ച്ച് 30ന് സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചനയിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ടതിന്റെ പേരിലാണ് തയ്യല്‍ക്കാരനായ കനയ്യലാലിനെ വധിച്ചത്.

മുമ്പ് ടോങ്കില്‍ നിന്ന് അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ മുജീബുമായി ഈ കേസിലെ പ്രതി മുഹമ്മദ് റിയാസ് അക്താരിക്ക് ബന്ധമുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ദവത്ത്-ഇ-ഇസ്ലാമി വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ റിമോട്ട് സ്ലീപ്പര്‍ ഓര്‍ഗനൈസേഷനായ അല്‍സുഫയുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നത്. ഉദയ്പൂരിലെ അല്‍-സുഫയുടെ തലവനാണ് കേസിലെ പ്രധാന പ്രതി മുഹമ്മദ് റിയാസ് അക്താരി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഐഎ പ്രത്യേക സംഘം ഉദയ്പൂരില്‍ എത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഭീകരവാദസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് ആദ്യം മുതല്‍ത്തന്നെ കേന്ദ്രം കരുതിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്.

കഴിഞ്ഞ ദിവസം ഉദയ്പൂരില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. കല്ലേറില്‍ പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി. സര്‍ക്കാരിന്റെ കഴിവുകേടാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന വിമര്‍ശനം ബി ജെ പി ശക്തമാക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News